അബുദാബി: പെയ്തത് റെക്കോർഡ് മഴ. 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ് രാജ്യത്ത് തിങ്കളാഴ്ച മുതൽ ചൊവ്വ രാത്രി വരെ ലഭിച്ചത്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ ഐനിലെ ഖതം അൽ ഷക്ല പ്രദേശത്താണ്. 24 മണിക്കൂറിനുള്ളിൽ 254.8 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിച്ചതെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
2016 മാർച്ച് ഒമ്പതിന് ഷുവൈബ് സ്റ്റേഷനിൽ 287. 6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയതായും സെൻ്റർ അറിയിച്ചു. അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിച്ചത്. തിങ്കൾ മുതൽ ഏപ്രിൽ 16 ചൊവ്വാഴ്ച രാത്രി 9 മണി വരെ 24 മണിക്കൂറിൽ ലഭിച്ചത് ഏറ്റവും ഉയർന്ന മഴയാണ്.
മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടായി. റാസൽഖൈമ വാദിയിൽ കാറിൽ ഒഴുക്കപ്പെട്ട് സ്വദേശി മരിച്ചു. എമിറേറ്റിൻ്റെ തെക്കൻ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന വാദി ഇസ്ഫ്നിയിലേക്ക് വാഹനവുമായി കടക്കാൻ ശ്രമിച്ച 40 വയസ്സുകാരനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പലയിടങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും ആലിപ്പഴ വർഷവുമുണ്ടായി ദുബായ്, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി ഭൂരിഭാഗം നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ദുബായ് വിമാനത്താവളത്തിലെ നിരവധി വിമാന സർവിസുകൾ മഴ റദ്ദാക്കി. ദുബായ് മെട്രോ, ബസ്, ടാക്സി സർവിസുകളെയും ചില സ്ഥലങ്ങളിൽ മഴ ബാധിച്ചു.