തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. അതിനാല്‍ കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും. കൊട്ടിക്കലാശം നാളെ വൈകീട്ട് നടക്കും.
സ്ഥാനാര്‍ത്ഥികളുടെ അവസാനവട്ട മണ്ഡലപര്യടനങ്ങള്‍ ഇന്നും നാളെയുമായി നടക്കും. പലയിടങ്ങളിലായി ദേശീയനേതാക്കളും സംസ്ഥാന നേതാക്കളും ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നു. നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.
കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ് ബൂത്തിലേക്കെത്തും. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്.
കര്‍ണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. കലാപബാധിത മേഖലയായ ഔട്ടര്‍ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകള്‍, യുപി, മഹാരാഷ്ട്ര, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തൃപുര, ബംഗാള്‍, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതും.