ന്യൂഡൽഹി : കശ്മീരിന്റെ ജലറാണി എന്നറിയപ്പെടുന്ന ബിൽക്കിസ് മിർ കായികരംഗത്ത് പുതിയൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കുകയാണ്. ഒളിമ്പിക്സ് കായിക മാമാങ്കത്തിൽ ജൂറി അംഗമാകുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ചരിത്ര നേട്ടമാണ് ബിൽക്കിസ് മിർ സ്വന്തമാക്കിയിരിക്കുന്നത്. ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന 19-ാമത് ഏഷ്യൻ ഗെയിംസിലെ ഏക ഇന്ത്യൻ വനിതാ ജൂറി അംഗമെന്ന രീതിയിലും ശ്രദ്ധേയയായിരുന്നു ബിൽക്കിസ് മിർ.
കശ്മീർ താഴ്‌വരയിലെ അക്വാ വുമൺ എന്നറിയപ്പെടുന്ന ബിൽക്കിസ് മിർ വാട്ടർ സ്‌പോർട്‌സിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. കയാക്കിംഗിലും കനോയിംഗിലും രാജ്യത്തെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ച വച്ചിട്ടുള്ള വനിത കൂടിയാണ് ബിൽക്കിസ്. കനോയിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ദേശീയ വനിതാ ടീമിൻ്റെ പരിശീലകയായും ബിൽക്കിസ് പ്രവർത്തിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ നിന്നും നിരവധി ജല കായിക മത്സരങ്ങളിൽ നേട്ടം കൊയ്തിട്ടുള്ള ബിൽക്കിസ് മിർ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കി.
“ഇത് എനിക്ക് മാത്രമല്ല, മുഴുവൻ രാജ്യത്തിനും ഒരു സ്വപ്ന സാക്ഷാത്കാരമാണ്.” എന്നായിരുന്നു ഈ ചരിത്ര നേട്ടത്തെക്കുറിച്ച് ബിൽക്കിസിന്റെ പ്രതികരണം.