‘സൂര്യഗ്രഹണ സമയത്ത് ദൈവം കല്‍പ്പിച്ചു’; ഫ്‌ളോറിഡയില്‍ വാഹനയാത്രക്കാരെ വെടിവെച്ച് വീഴ്ത്തിയ യുവതി അറസ്റ്റിൽ



ഫ്‌ളോറിഡയില്‍ 22 കാരി നടത്തിയ വെടിവെപ്പിൽ വാഹന യാത്രക്കാർക്ക് പരിക്ക്. സൂര്യഗ്രഹണ സമയത്ത് ദൈവം തന്നോട് പറഞ്ഞത് അനുസരിച്ചാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതിയുടെ വാദമെന്ന് അധികൃതര്‍ പറഞ്ഞു. ടെയ്‌ലണ്‍ നിഷെല്‍ സെലസ്റ്റിന്‍ എന്ന യുവതിയാണ് ആക്രമണം നടത്തിയത്. തിങ്കളാഴ്ചയോടെ ഹോംസ് കൗണ്ടിയിലെ വീടുവിട്ടിറങ്ങിയ യുവതി പ്രദേശത്ത് ആക്രമണം നടത്താന്‍ ദൈവം തന്നോട് കല്‍പ്പിച്ചുവെന്ന് വ്യക്തമാക്കിയായിരുന്നു ആക്രമണം നടത്തിയത്.

പര്‍പ്പിള്‍ നിറത്തിലുള്ള ഡോഡ്ജ് ചാലഞ്ചര്‍ വാഹനത്തിനാണ് ഇവര്‍ എത്തിയത്. ശേഷം വാഷിംഗ്ടണ്‍ കൗണ്ടി ഹൈവേയിലേക്ക് പോയിക്കൊണ്ടിരുന്ന വാഹനങ്ങള്‍ക്കെതിരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതുവഴി കടന്നുപോകുകയായിരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടാണ് സെലസ്റ്റിന്‍ വെടിയുതിര്‍ത്തതെന്ന് സംഭവം കണ്ട് നിന്ന ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വാഹനമോടിച്ച് വന്ന ഒരാൾ സെലസ്റ്റിന്റെ ആക്രമണത്തിനിരയായി. വാഹനത്തിന്റെ വിന്‍ഡോയിലൂടെ തുളച്ചുകയറിയ വെടിയുണ്ട അയാളുടെ കൈയ്യില്‍ പതിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. തുടർന്ന് നിയന്ത്രണം വിട്ട വാഹനം ഹൈവേയിൽ മറിഞ്ഞു.

ഒരു റൈഫിളും ഹാന്‍ഡ് ഗണുമാണ് സെലസ്റ്റിന്റെ കൈവശമുണ്ടായിരുന്നത്. പിന്നീട് തന്റെ അടുത്ത ലക്ഷ്യമായ വാഹനം നോക്കി നടക്കുകയായിരുന്നു സെലസ്റ്റിന്‍. ഹൈവേയില്‍ പിന്നാലെ വന്ന വാഹനത്തിന് നേരെയും സെലസ്റ്റിന്‍ നിറയൊഴിച്ചു. വാഹനത്തിന്റെ ഡ്രൈവറുടെ കഴുത്തിലാണ് പരിക്കേറ്റത്. ഇയാളെ വേഗം തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതോടെ ഹൈവേ പട്രോള്‍ സംഘം യുവതിയുടെ കാറിനെ പിന്തുടര്‍ന്നെത്തി. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കാറില്‍ നിന്നും എആര്‍-15 റൈഫിളും എംഎം കൈത്തോക്കും അധികൃതര്‍ പിടിച്ചെടുത്തു.
കസ്റ്റഡിയിലെടുത്ത യുവതി ഹോംസ് കൗണ്ടി ജയിലില്‍ റിമാന്‍ഡിലാണ്. വധശ്രമം, മാരകായുധം ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് യുവതിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. 
أحدث أقدم