ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്‌ചാത്തലത്തിൽ, അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട്. ചെക്പോസ്റ്റുകളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങൾ തിരിച്ചയ്ക്കാനാണ് നിർദേശം. കേരള അതിർത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. വെറ്ററിനറി ഡോക്ടർ, ഇൻസ്പെക്ടർ അടക്കം അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടാവുക.കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കണമെന്ന് നിർദേശമുണ്ട്. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇതേസമയം ആലപ്പുഴ ജില്ലയിൽ രണ്ട് പ്രദേശങ്ങളിൽ കൂടി പക്ഷിപ്പനിയെന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി പടരുന്നതെന്ന് സംശയം. ഇതേ തുടർന്ന് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. നേരത്തെ എടത്വ, ചെറുതന പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.