തൃപ്പൂണിത്തുറയില്‍ കെ ബാബുവിന്റെ എംഎല്‍എ സ്ഥാനം നഷ്ടമാകുമോ?..ഹര്‍ജിയില്‍ വിധി ഇന്ന്




കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ഇന്ന്. എം.എൽ.എ. കെ ബാബുവിനെതിരെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പറയുക .തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വച്ചെന്നാണ് പ്രധാന ആരോപണം. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയില്‍ വ്യക്തമാക്കി.

മതത്തെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണ് എന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രധാന വാദം. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് എം സ്വരാജിന്റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.അയ്യപ്പന്റെ ചിത്രം പതിച്ച വോട്ടേഴ്‌സ് സ്ലിപ്പ് ഉള്‍പ്പടെയുള്ള പ്രചാരണ സാമഗ്രികളും എം സ്വരാജ് തെളിവായി ഹാജരാക്കിയിട്ടുണ്ട് .അതേസമയം എം സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു കെ ബാബുവിന്റെ മറുപടി വാദം. ഈ വാദം തള്ളിയ ഹൈക്കോടതി കേസ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു .
أحدث أقدم