ന്യുഡല്‍ഹി : സ്ഥാനാര്‍ഥിയുടെ വിവരങ്ങള്‍ അറിയാനുള്ള വോട്ടര്‍മാരുടെ അവകാശം സമ്പൂര്‍ണമല്ലെന്ന് സുപ്രീം കോടതി. സ്ഥാനാര്‍ഥികള്‍ മുഴുവന്‍ ജംഗമ വസ്തുക്കളുടെയും വിവരം പരസ്യപ്പെടുത്തണമെന്നില്ലെന്നും ആഡംബരജീവിതം വ്യക്തമാക്കുന്നത് മതിയാകുമെന്നും ജഡ്ജിമാരായ അനിരുദ്ധ ബോസ്, സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
അരുണാചല്‍ പ്രദേശിലെ തേസു നിയമസഭാ മണ്ഡലത്തില്‍ 2019ല്‍ ജയിച്ച സ്വതന്ത്രന്‍ കരിഖോ ക്രി ഭാര്യയുടെയും മകന്റെയും പേരിലുള്ള 3 വാഹനങ്ങളുടെ വിവരം വെളിപ്പെടുത്തിയില്ലെന്നും ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥി നനെ ത്യാങ്ങാണ് ഹര്‍ജി നല്‍കിയത്. ഗുവഹാത്തി ഹൈക്കോടതി ജയം അസാധുവാക്കിയതോടെ ക്രി സൂപ്രീം കോടതിയെ സമീപിച്ചു. ക്രീയുടെ വിജയം സുപ്രീം കോടതി ശരിവച്ചു.
വാഹനവിവരം പരസ്യമാക്കാത്തത് ജനപ്രാതിനിധ്യനിയമത്തിലെ 123(2) വകുപ്പ് പ്രകാരം അഴിമതിയായി കരുതാനാകില്ല. വസ്ത്രം, ഷൂസ്, പാത്രങ്ങള്‍, ഫര്‍ണീച്ചര്‍ തുടങ്ങി സകല ജംഗമ വസ്തുക്കളുടെയും വിവരം നല്‍കണമെന്നില്ല.
ഓരോ കേസിനനുസരിച്ചാണ് ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാക്കേണ്ടത്. സ്ഥാനാര്‍ഥിക്കോ കുടുംബാഗങ്ങള്‍ക്കോ ആഡംബര വാച്ചുകളുണ്ടെങ്കില്‍ വെളിപ്പെടുത്തണം. സാധാരണ വാച്ചുകളുണ്ടെങ്കില്‍ വേണ്ട- ഉദാഹരണമായി കോടതി ചൂണ്ടിക്കാട്ടി.