ന്യൂഡൽഹി: വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറയുന്നത്. ഇരുവരും പ്രത്യേകം വിധി പറയും. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് അടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍.
ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ വിവിപാറ്റ് പേപ്പര്‍ സ്ലിപ്പുകള്‍ ഉപയോഗിച്ച് ക്രോസ് വെരിഫിക്കേഷന്‍ ചെയ്യണം എന്നതാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ സ്ലിപ്പുകൾ മുഴുവൻ എണ്ണുന്നത് പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.
വോട്ടിങ് യന്ത്രത്തിന്റെ മികവിനെക്കുറിച്ചു സംശയിക്കുന്നവരുടെയും ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നു വാദിക്കുന്നവരുടെയും ചിന്ത മാറ്റാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ വോട്ടിങ് മെഷീന്റെയും വിവിപാറ്റിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾ ജഡ്ജിമാർ ഉയർത്തിയിരുന്നു. മൈക്രോ കൺട്രോളർ എവിടെയാണു ഘടിപ്പിക്കുന്നത്, ഒന്നിലേറെ തവണ പ്രോഗ്രാം ചെയ്യാൻ സാധിക്കുമോ, തെരഞ്ഞെടുപ്പിനുശേഷം എത്ര ദിവസം വരെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാറുണ്ട് തുടങ്ങിയവയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ.
ഇവിഎം വഴി വോട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയെന്ന് ഡെമോക്രാറ്റിക് റിഫോംസിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങിയ ജര്‍മ്മനിയുടെ ഉദാഹരണം പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ജര്‍മ്മനിയിലെ ജനസംഖ്യ എത്രയാണെന്ന് ജസ്റ്റിസ് ദീപങ്കര്‍ ദത്ത ചോദിച്ചു. ഇത് ഏകദേശം 6 കോടിയാണെന്ന് പ്രശാന്ത് ഭൂഷണ്‍ മറുപടി നല്‍കി. അപ്പോള്‍ 'രാജ്യത്ത് തൊണ്ണൂറ്റി ഏഴ് കോടിയാണ് രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ ആകെ എണ്ണം. ബാലറ്റ് പേപ്പറുകള്‍ ഉണ്ടായിരുന്നപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം,' ജസ്റ്റിസ് സഞ്ജീവ് ഖന്ന അഭിപ്രായപ്പെട്ടു.
ഹര്‍ജിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ അഭിഭാഷകന്‍ സഞ്ജയ് ഹെഗ്ഡെ ഇവിഎമ്മുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ വിവിപാറ്റ് സ്ലിപ്പുകളുമായി താരതമ്യം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ജസ്റ്റിസ് ഖന്ന ചോദിച്ചു, 'അതെ, 60 കോടി വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം. ശരിയാണോ?' മനുഷ്യന്റെ ഇടപെടലാണ് പ്രസ്‌നമുണ്ടാക്കുന്നത്. സാധാരണയായി മനുഷ്യ ഇടപെടലില്ലാതെ യന്ത്രം നിങ്ങള്‍ക്ക് കൃത്യമായ ഫലങ്ങള്‍ നല്‍കും. മനുഷ്യന്റെ ഇടപെടല്‍ ഉണ്ടാകുമ്പോഴോ, സോഫ്റ്റ്വെയറിലോ മെഷീനിലോ അനധികൃത മാറ്റങ്ങള്‍ വരുത്തുമ്പോഴോ പ്രശ്‌നം ഉണ്ടാകുന്നു, ഇത് ഒഴിവാക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍, അത് നല്‍കാനും ജസ്റ്റിസ് സഞ്ജീവ് ഖന്ന ആവശ്യപ്പെട്ടു.