ദോഹ: ഉപരോധത്തെ തുടർന്നുണ്ടായ പിണക്കങ്ങൾ മാറി ഖത്തറും ബഹ്‌റൈനും കൂടുതൽ അടുക്കുന്നു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ 2017ൽ ആരംഭിച്ച ഉപരോധം 2021ൽ അവസാനിച്ചതിനു ശേഷം ഈ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം ഏറെ ശക്തിപ്പെട്ടെങ്കിലും അയൽ രാജ്യമായ ബഹ്‌റൈനുമായുള്ള അസ്വാരസ്യങ്ങൾ പിന്നെയും തുടരുകയായിരുന്നു.
കഴിഞ്ഞ വർഷം അവസാനം പരസ്പര ബന്ധം മെച്ചപ്പെടുത്താൻ ഇരു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഖത്തർ - ബഹ്‌റൈൻ മന്ത്രിമാർ ഏതൻസിൽ നടന്ന യുഎൻ സമുദ്ര സമ്മേളനത്തിൽ വെച്ച് കൂടിക്കാഴ്ച നടത്തുകയും വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തത്.
ബഹ്‌റൈനിലെ കാലാവസ്ഥാ കാര്യങ്ങളുടെ പ്രത്യേക പ്രതിനിധി, എണ്ണ പരിസ്ഥിതി മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈനയും ഖത്തറിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ സുസ്ഥിര വികസന ലക്ഷ്യങ്ങളും കാലാവസ്ഥാ സുരക്ഷയും കൈവരിക്കുന്നതിന് ഉഭയകക്ഷി, പരിസ്ഥിതി, കാലാവസ്ഥ മേഖലകളിൽ പ്രാദേശികവും അന്തർദേശീയവുമായ സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളും അവിടങ്ങളിലെ ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധം എടുത്തുപറഞ്ഞ നേതാക്കൾ, അവ കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തു.
2017 ജൂണിൽ ഗൾഫ് ഉപരോധത്തെ തുടർന്ന് നിലച്ചു പോയ ഖത്തർ- ബഹ്റൈൻ വ്യോമ ഗതാഗതം 2023 മെയ് മാസത്തിലാണഅ പുനരാരംഭിച്ചത്. കഴിഞ്ഞ ഏപ്രിലിൽ റിയാദിൽ ജി.സി.സി കൗൺസിൽ ആസ്ഥാനത്ത് നടന്ന ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിക്കാൻ തീരുമാനയതിനു പിന്നാലെയായിരുന്നു വ്യോമഗതാഗതം പുനസ്ഥാപിച്ചത്.