ഓട്ടവ: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ ചിരാഗ് അന്തില്‍(24)നെയാണ് സൗത്ത് വാന്‍കൂവറില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു.
കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ വെടിയേറ്റനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
2022ലാണ് ചിരാഗ് കാനഡയിലെ വാന്‍കൂവറിലെത്തിയത്. അടുത്തിടെ കാനഡ വെസ്റ്റ് സര്‍വകലാശാലയില്‍നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ചിരാഗിന് ഈയിടെ വര്‍ക്ക് പെര്‍മിറ്റും ലഭിച്ചിരുന്നു. സംഭവദിവസം പോലും ചിരാഗുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ഹരിയാണയിലുള്ള സഹോദരന്‍ റോമിത് അന്തില്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
ചിരാഗിന്റെ കുടുംബത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷനല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ നേതാവ് വരുണ്‍ ചൗധരി വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.