കോട്ടയത്ത് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടു ജോലിക്കാരി അറസ്റ്റിൽ.



 ഗാന്ധിനഗർ : ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ജോലിക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് വായനശാല ഭാഗത്ത് അമ്പലത്തു മാലിയിൽ വീട്ടിൽ  (പെരുമ്പായിക്കാട് പൂവത്തും മൂട് പാലം ഭാഗത്ത് വാടകയ്ക്ക് താമസം) രാഗിണി (47) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.  ചൂട്ടുവേലി ഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ വീട്ടുജോലിക്കായി നിന്നിരുന്ന ഇവർ ഇവിടെ  അലമാരയില്‍ സൂക്ഷിച്ചിരുന്ന മാല, കമ്മൽ, ലോക്കറ്റ്, മോതിരം, എന്നിവ ഉൾപ്പെടെ പത്തു പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. ഓരോ തവണയും മോഷണത്തിന് ശേഷം സ്വർണം ഇവർ നാഗമ്പടത്തുള്ള ഫിനാൻസ് സ്ഥാപനത്തിൽ പണയം വച്ച് പണം കൈക്കലാക്കുകയും ചെയ്തിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയും, പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരാണ് മോഷ്ടിച്ചതെന്ന് കണ്ടെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണ മുതൽ നാഗമ്പടത്തുള്ള പണമിടപാട് സ്ഥാപനത്തിൽ നിന്ന് പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ സിനോദ്.കെ, എസ്.ഐ രൂപേഷ് കെ.ആർ, എ.എസ്.ഐ ഷീബ, സി.പി.ഓ മാരായ ഷാഹിന, സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
أحدث أقدم