തിരുവനന്തപുരം : അയോധ്യ, കാശി പോലെയുള്ള പുണ്യ സ്ഥലങ്ങളിലേക്ക് അവധിക്കാല യാത്ര പാക്കേജുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ.
ഐആർസിടിസി അവതരിപ്പിച്ചിരിക്കുന്ന പുതിയ പാക്കേജുകൾ തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്നും അയോധ്യ, കാശി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാനാകുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ വഴിയാണ് ഈ യാത്രകൾ സംഘടിപ്പിക്കുന്നത്.
എട്ടു ദിവസത്തെ യാത്രയാണ് പാക്കേജിൽ ഉൾപ്പെടുന്നത്. മെയ് 18ന് ആയിരിക്കും യാത്ര ആരംഭിക്കുന്നത്. 14 കോച്ചുകൾ ഉള്ള ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങളും മെച്ചപ്പെട്ട ശുചിമുറികളും ആണ് ഒരുക്കിയിട്ടുള്ളതെന്ന് റെയിൽവേ അറിയിക്കുന്നു. 18,060 രൂപയാണ് യാത്ര പാക്കേജിന് ഐആർസിടിസി ഈടാക്കുന്നത്.
മെയ് 18ന് തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് മെയ് 25ന് മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്. കാശി വിശ്വനാഥ ക്ഷേത്രം, സാരാനാഥ ക്ഷേത്രം, അയോധ്യ എന്നിവിടങ്ങളാണ് ലക്ഷ്യസ്ഥാനങ്ങൾ. കാശിയിലെത്തി ഗംഗാ ആരതിയിലും പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലാണ് യാത്ര ഒരുക്കിയിട്ടുള്ളത്.
കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളിൽ നിന്നും യാത്രക്കാർക്ക് ഈ യാത്ര പാക്കേജിൽ പങ്കുചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പറുകൾ : 8287932095 (തിരുവനന്തപുരം), 8287932098 (കോഴിക്കോട് ), 8287932082 (എറണാകുളം ).