ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും ബിആര്‍എസ് നേതാവ് കെ കവിതയും ജയിലില്‍ തുടരും. ഇരുവരുടെയും കസ്റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി റോസ് അവന്യൂ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. തിഹാര്‍ ജയിലിലാണ് ഇരുവരും ഇപ്പോഴുള്ളത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഇരുവരേയും ഹാജരാക്കിയത്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരെ അരവിന്ദ് കെജരിവാള്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് കെജരിവാള്‍ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചെന്നും തെളിവുകള്‍ വ്യക്തമാക്കുന്നുവെന്നു ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ വിധിയില്‍ പറഞ്ഞു.
മാര്‍ച്ച് 21നാണ് കെജരിവാള്‍ അറസ്റ്റിലാകുന്നത്. എഎപി കമ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന വിജയ് നായര്‍ 100 കോടി രൂപ സൗത്ത് ഗ്രൂപ്പ് എന്ന മദ്യക്കമ്പനിയില് നിന്നും സ്വീകരിച്ചെന്നും കെജരിവാളിനും എഎപിക്കും വേണ്ടിയാണിതെന്നു സാക്ഷിമൊഴിയില്‍ വ്യക്തമാണെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ഇതിനിടെ കെജരിവാളിന്റെ ഷുഗര്‍ ലെവല്‍ 217 ആയി ഉയരുകയും തുടര്‍ന്ന് ഇന്‍സുലിന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ നിദേശിക്കുകയും ചെയ്തു.