സന : മകളെ കാണാന്‍ അനുമതി നല്‍കിയ യെമന്‍ ഭരണകൂടത്തിന് നന്ദി അറിയിച്ച് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. അധികൃതരുടെ കൃപയാല്‍ മകള്‍ സുഖമായി ഇരിക്കുന്നവെന്നും സനയിലെ ജയിലില്‍ കഴിയുന്ന നിമിഷയെ കണ്ടതിന് ശേഷം വിഡിയോ സന്ദേശത്തില്‍ പ്രേമകുമാരി പറഞ്ഞു. നിമിഷയുടെ വിവാഹത്തിന് ശേഷം ആദ്യമായാണ് അമ്മയും മകളും പരസ്പരം നേരില്‍ കാണുന്നത്.
എന്നെ കണ്ടപ്പോള്‍ നിമിഷ ഓടിവന്ന് കെട്ടിപ്പിടിച്ചു. മകളെ കാണാനാകില്ലെന്നായിരുന്നു വിചാരിച്ചത്. അവളെ കണ്ടപാടെ മോളെ എന്ന് വിളിച്ച് ഞാനും പൊട്ടിക്കരഞ്ഞു. മമ്മി കരയരുതെന്നും സന്തോഷമായിയിരിക്കാനും നിമിഷ പറഞ്ഞതായി പ്രേമകുമാരി പറഞ്ഞു. ജയിലില്‍ അമ്മ പ്രേമകുമാരിക്ക് മാത്രമാണ് നിമിഷപ്രിയയെ കാണാന്‍ അനുമതിയുണ്ടായിരുന്നത്.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവേല്‍ ജെറോമും ഇന്ത്യന്‍ എംബസി അധികൃതർക്കുമൊപ്പം യെമന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മ പ്രേമകുമാരി ജയിലില്‍ എത്തിയത്. കൂടിക്കാഴ്ചയ്ക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നു. ഒരു മണിക്കൂര്‍ നേരം ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്.
ഇനി മോചനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഊര്‍ജ്ജമാക്കാനാണ് ശ്രമം. ഉടന്‍ തന്നെ യെമന്‍ പൗരന്റെ കുടുംബമായും ഗോത്രവര്‍ഗ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. യെമന്‍ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമാണ് പ്രതിക്ക് ശിക്ഷയില്‍ നിന്നും ഇളവു കിട്ടുക. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് സ്വദേശി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.