മില്‍മ പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തിനെതിരെ നിയമ നടപടിയുമായി മില്‍മ. ഇതു സംബന്ധിച്ച് വീഡിയോ പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മില്‍മ പരാതി നൽകിയത്





തിരുവനന്തപുരം:  മില്‍മ പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന ആരോപണത്തിനെതിരെ നിയമ നടപടിയുമായി മില്‍മ. ഇതു സംബന്ധിച്ച് വീഡിയോ പ്രസിദ്ധീകരിച്ച ഒരു യൂട്യൂബ് ചാനലിനെതിരെയാണ് മില്‍മ പരാതി നൽകിയത്.  മില്‍മ വിൽക്കുന്ന പാല്‍ ദിവസങ്ങളോളം കേടാകാതിരിക്കുന്നതിന് രാസവസ്തുക്കള്‍ ചേര്‍ക്കുന്നെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് മില്‍മ അധികൃതര്‍ അറിയിച്ചു. മില്‍മ പാല്‍ വാങ്ങി 10 ദിവസം കഴിഞ്ഞിട്ടും കേടാകുന്നില്ലെന്നും ഇത് രാവസ്തുക്കള്‍ ചേര്‍ക്കുന്നതു കൊണ്ടാണെന്നുമായിരുന്നു ആരോപണം. മില്‍മ പാല്‍, പാക്ക് ചെയ്ത ദിവസം മുതല്‍ രണ്ട് ദിവസം വരെയാണ് യൂസ് ബൈ ഡേറ്റ്. ഈ സമയത്തിനുള്ളിൽ പാൽ ഉപയോഗിച്ചു തീർക്കണമെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യൂസ് ബൈ ഡേറ്റ് എന്നതുകൊണ്ട് സൂചിപ്പിക്കുന്നത് പാല്‍ തണുപ്പിച്ച് സൂക്ഷിച്ചാല്‍ ഈ തീയതി വരെ പാലിന്‍റെ തനത് ഗുണവും മണവും രുചിയും സംരക്ഷിക്കപ്പെടും എന്നാണ്. അന്തരീക്ഷ ഊഷ്മാവില്‍ പാല്‍ കേടുവരുന്നത് സ്വാഭാവികമാണെങ്കിലും നാല് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയുള്ള അഭികാമ്യമായ താഴ്ന്ന ഊഷ്മാവില്‍ തണുപ്പിച്ച് സൂക്ഷിച്ചാല്‍ ദിവസങ്ങള്‍ കഴിഞ്ഞ് പാല്‍ ചൂടാക്കിയാലും പിരിയണമെന്നില്ല. എന്നാല്‍ സ്വാഭാവിക ഗുണവും മണവും രുചിയും നഷ്ടപ്പെട്ടേക്കും. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാതെയാണ് യുട്യൂബിൽ പ്രസിദ്ധീകരിക്കപ്പെട്ട വീഡിയോ എന്ന് മിൽമ അറിയിക്കുന്നു. രാസവസ്തുക്കളൊന്നും പാലില്‍ ചേര്‍ക്കുന്നില്ലെന്നും ഉപഭോക്താക്കളുടെ ക്ഷേമമാണ് എക്കാലവും മില്‍മ ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. മൂന്ന് മേഖല യൂണിയനുകളിലായി കേരളത്തിലെമ്പാടും വ്യാപിച്ചുകിടക്കുന്ന വിപുലമായ ക്ഷീരോത്പാദന, വിതരണ ശൃംഖലയാണ് മില്‍മയ്ക്കുള്ളത്. ലക്ഷക്കണക്കിന് ക്ഷീരകര്‍ഷകര്‍ മില്‍മയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്. മില്‍മയില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസ്യത ഇല്ലാതാക്കാനും മില്‍മയുടെ പ്രതിച്ഛായക്ക് കളങ്കം വരുത്താനുമുള്ള സ്ഥാപിത താത്പര്യക്കാരുടെ ബോധപൂര്‍വ്വമായ ശ്രമമാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്കു പിന്നിലെന്നും വാസ്തവവിരുദ്ധമായ വാര്‍ത്തകളും ആരോപണങ്ങളും പ്രചരിപ്പിക്കുന്നത് കേരളത്തിന്‍റെ അഭിമാനമായ സഹകരണ പ്രസ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്നും മില്‍മ കൂട്ടിച്ചേര്‍ത്തു.
أحدث أقدم