ന്യൂഡൽഹി : വിഴിഞ്ഞം തുറമുഖത്തിനെ രാജ്യത്തെ തന്നെ മേജർ തുറമുഖമായി മാറാനുള്ള അവസരം നൽകി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖ പദവിയാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നൽകിയിരിക്കുന്നത്. കപ്പൽ മാർഗ്ഗമുള്ള അന്താരാഷ്ട്ര ചരക്ക് നീക്കത്തിൽ നിർണായക സാന്നിധ്യം ആകാൻ ഈ പദവി വഴി വിഴിഞ്ഞം തുറമുഖത്തിന് കഴിയുന്നതാണ്. നിലവിൽ ഇന്ത്യയുടെ മൊത്തം ചരക്ക് നീക്കത്തിന്റെ 75% ത്തോളം ഇപ്പോഴും വിദേശ തുറമുഖങ്ങൾ വഴിയാണ് നടക്കുന്നത്. വിഴിഞ്ഞം തുറമുഖം ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി മാറുന്നതോടെ ഈ മേഖലയിലും ഇന്ത്യയ്ക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയുന്നതാണ്.
ഇന്ത്യയിൽ നിന്ന് വിദേശത്തേക്കും തിരിച്ചുമുള്ള ചരക്ക് നീക്കത്തിന്റെ നിർണായക കേന്ദ്രമായി പ്രവർത്തിക്കാൻ കഴിയുന്ന അവസരമാണ് ട്രാൻസ്ഷിപ്പ്മെന്റ് പദവിയിലൂടെ ലഭിക്കുന്നത്. ഒരു കപ്പലിൽ നിന്നും മറ്റൊന്നിലേക്ക് ചരക്കുകൾ മാറ്റി ചരക്ക് നീക്കം നടത്തുന്ന തുറമുഖങ്ങൾക്കാണ് ട്രാൻസ്ഷിപ്പ്മെന്റ് പദവി ലഭിക്കുക. ഇത്തരം തുറമുഖങ്ങളിൽ വിദേശ ഷിപ്പിംഗ് കമ്പനികൾക്കും പോലും പ്രവർത്തിക്കാൻ കഴിയുന്നതാണ്.
ട്രാൻസ്ഷിപ്പ്മെന്റ് പദവി ലഭിച്ചതോടെ ഉടൻതന്നെ കസ്റ്റംസിന്റെ ഓഫീസും വിഴിഞ്ഞം തുറമുഖത്ത് ആരംഭിക്കും. ട്രാൻസ്ഷിപ്പ്മെന്റ് പദവിയിൽ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞാൽ ചെറുകപ്പലുകളിൽ എത്തുന്ന ചരക്കുകളും കണ്ടെയ്നറുകളും വിഴിഞ്ഞം തുറമുഖത്ത് വെച്ച് വലിയ മദർഷിപ്പുകളിലേക്ക് മാറ്റാനും വിദേശ തുറമുഖങ്ങളിലേക്ക് അയക്കാനും കഴിയുന്നതാണ്. ഇതേ രീതിയിൽ തന്നെ വിദേശത്തുനിന്നും മദർഷിപ്പുകളിൽ എത്തുന്ന ചരക്കുകളും കണ്ടെയ്നറുകളും ഇന്ത്യയിലെ പ്രാദേശിക തുറമുഖങ്ങളിലേക്കും വിഴിഞ്ഞത്തു നിന്നും അയക്കാൻ കഴിയും.