ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടില്‍, ആര് ജയിക്കുമെന്ന് പറയാന്‍ ജോത്സ്യം പഠിച്ചിട്ടില്ല'; പത്മജ വേണുഗോപാല്‍



തൃശൂര്‍: ഏത് പ്രസ്ഥാനത്തിലാണോ വിശ്വസിക്കുന്നത് അവര്‍ക്ക് താന്‍ വോട്ട് ചെയ്യുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. ചേട്ടനും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ കെ മുരളീധരന്‍ മത്സരിക്കുന്ന മണ്ഡലമായ തൃശൂരില്‍ വോട്ട് ചെയ്യാന്‍ എത്തിയതാണ് പത്മജ വേണുഗോപാല്‍. വോട്ട് ബിജെപിക്ക് എന്ന്് വ്യക്തമാക്കിയ പത്മജ പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് വോട്ടുകള്‍ ലഭിക്കുന്നതായും പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പത്മജ.

ഞാന്‍ ഏത് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നുവോ അവര്‍ക്ക് ഞാന്‍ വോട്ട് ചെയ്യും. ഒരു ഉദാഹരണം പറയാം. എന്റെ പിതാവ് ഡിഐസിയില്‍ പോയപ്പോള്‍ ആസമയത്ത് എന്റെ പിതാവ് ഏതിന് വോട്ട് ചെയ്യണമെന്ന് എന്നോട് പറഞ്ഞില്ല. ഞാന്‍ അന്ന് കോണ്‍ഗ്രസില്‍ ആയിരുന്നു. അത് കാണിക്കാനുള്ള മര്യാദ എന്റെ പിതാവിന് ഉണ്ടായിരുന്നു. മനസാക്ഷി അനുസരിച്ച് വോട്ട് ചെയ്യാന്‍ പറഞ്ഞിട്ടുള്ള ആളാണ് അദ്ദേഹം. ഇത് എനിക്ക് പുതുമയല്ല.'- പത്മജ പറഞ്ഞു.

ചേട്ടന്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ചേട്ടനും അച്ഛനും അമ്മയുമൊക്കെ വീട്ടില്‍ എന്നായിരുന്നു പത്മജയുടെ മറുപടി.'ആര് ജയിക്കുമെന്ന് ജോത്സ്യം നോക്കിയിട്ടില്ല. അത് പഠിക്കുമ്പോള്‍ ഞാന്‍ പറയാം. എന്നാല്‍ ആളുകളുടെ അഭിപ്രായം തേടിയപ്പോള്‍ സുരേഷ് ഗോപിയാണ് തൃശൂരില്‍ മുന്നിട്ടുനില്‍ക്കുന്നത് എന്നാണ് അറിഞ്ഞത്.'- പത്മജ കൂട്ടിച്ചേര്‍ത്തു.

സഹോദരന് വേണ്ടി പ്രാര്‍ഥിച്ചോ എന്ന ചോദ്യത്തിന് അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ പ്രാര്‍ഥിക്കാനായിട്ട് എന്നായിരുന്നു പ്രതികരണം. 'പ്രാര്‍ഥിക്കാനായിട്ട് സഹോദരന് എന്നെ വേണ്ടല്ലോ, സഹോദരിയല്ല എന്ന് അദ്ദേഹമാണ് പറഞ്ഞത്. ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ രക്തമാണ് എനിക്ക് അറിയാം. പക്ഷേ സഹോദരിയുടെ ഒന്നും വേണ്ട. സഹോദരി എന്റെ ആരുമല്ല. ഞാന്‍ കാണില്ല എന്നാണ് സഹോദരന്‍ പറഞ്ഞത്. പിന്നെ പ്രാര്‍ഥിക്കേണ്ടതിലല്ലോ'- പത്മജ മറുപടി നല്‍കി.





أحدث أقدم