ഋഷികേശ് : സജീവ രാഷ്ട്രീയത്തിലേയ്ക്ക് താന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്ര. സിറ്റിങ് എംപി സ്മൃതി ഇറാനി അമേഠിയില്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും റോബര്‍ട്ട് പറഞ്ഞു. ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് പ്രതികരണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ മത്സരിക്കുന്നതിനായി കഴിഞ്ഞ ദിവസവും ആഗ്രഹം അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ജനങ്ങള്‍ പലപ്പോഴും ഞാന്‍ അവര്‍ക്കൊപ്പം ഉണ്ടാകണമെന്നാഗ്രഹിക്കുന്നു. രാജ്യം മുഴുവന്‍ ഞാന്‍ സജീവമായി ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയത്തിലുണ്ടാവണമെന്ന ശബ്ദം ഉയരുന്നു. 1999 മുതല്‍ അമേഠിയില്‍ പ്രചാരണത്തിന് താനുണ്ടെന്നും റോബര്‍ട്ട് വാധ്ര പറഞ്ഞു.
ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന ബിജെപിയെ തുരത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. രാഹുലും പ്രിയങ്കയും നടത്തുന്ന കഠിനാധ്വാനം കണ്ട് ഇന്ത്യയിലെ ജനങ്ങള്‍ ഗാന്ധി കുടുംബത്തിനൊപ്പമാണ്. ഗാന്ധി കുടുംബത്തിലെ ഒരു അംഗം മടങ്ങിവരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ റോബര്‍ട്ട് വാധ്രയ്ക്കായുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തവണ സീറ്റ് റോബര്‍ട്ട് വാധ്രക്ക് കൊടുക്കണം എന്നായിരുന്നു പോസ്റ്റര്‍. അമേഠിയിലെ കോണ്‍ഗ്രസിന്റെ പ്രാദേശിക പാര്‍ട്ടി ഓഫീസിന് മുമ്പിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും സമാനമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഗാന്ധി കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമായിരുന്നു ഒരുകാലത്ത് അമേഠി. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ തോല്‍പിച്ചതോടെയാണ് മണ്ഡലം കോണ്‍ഗ്രസിന്റെ കൈകളില്‍ നിന്നും വഴുതുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടമായ മെയ് 20നാണ് അമേഠിയില്‍ വോട്ടെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാവന തിയതി മെയ് മൂന്നാണ്. കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനി തന്നെയാണ് ഇത്തവണയും ഇവിടെ ബിജെപി സ്ഥാനാര്‍ഥി.