ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മണ്ഡലങ്ങളില്‍ ആര്‍ക്കാണ് വിജയ സാധ്യത എന്നതില്‍ മനോരമ ന്യൂസും വോട്ടേഴ്സ് മൂഡ് റിസര്‍ച്ചും നടത്തിയ അഭിപ്രായ സര്‍വ്വെയിലാണ് കേരളത്തിലെ വിജയസാധ്യതകള്‍ പ്രവചിക്കുന്നത്. തിരുവനനന്തപുരത്ത് ശശി തരൂര്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. കാസര്‍ക്കോട് മണ്ഡലത്തില്‍ യുഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയക്കും. പക്ഷെ വോട്ട് കുറയുമെന്ന് സര്‍വ്വെ പറയുന്നു. എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ ഇവിടെ 10 ശതമാനത്തോളം വോട്ടിന്റെ വ്യത്യാസം ഉണ്ടാകും.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി വലിയ വിജയം തന്നെ ഉറപ്പാക്കും. പക്ഷെ, 2019ലെ അത്രയും വോട്ട് രാഹുല്‍ ഗാന്ധിക്ക് കിട്ടുമോ എന്നതില്‍ സര്‍വ്വെ സംശയം പ്രകടിപ്പിക്കുന്നുണ്ട്. രണ്ട് ശതമാനത്തിലധികം വോട്ട് രാഹുലിന് ഇവിടെ കുറയാന്‍ സാധ്യതയുണ്ട്. എല്‍.ഡി.എഫിന്റെ ആനിരാജയും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കെ.സുരേന്ദ്രനുമാണ് ഇവിടെ രാഹുലിന്റെ എതിരാളികള്‍. 2019ല്‍ 64.67 ശതമാനം വോട്ടാണ് രാഹുലിന് കിട്ടിയതെങ്കില്‍ ഇത്തവണ 62 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്.
കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ മണ്ഡലം നിലനിര്‍ത്തും. പ്രേമചന്ദ്രന് 46.41 ശതാനം വോട്ട് ലഭിക്കും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുകേഷ് 37 ശതനാനം വോട്ട് നേടുമെന്നും സര്‍വ്വെ പറയുന്നു. കടുത്ത പോരാട്ടം നടക്കുന്ന തൃശൂരില്‍ കെ.മുരളീധരന്‍ വിജയിക്കുമെന്നാണ് സര്‍വ്വെ പറയുന്നത്. എന്നാല്‍ കടുത്ത തൃകോണ മത്സരമാണ് തൃശൂരില്‍. സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വോട്ട് വ്യത്യാസം കുറവായിരിക്കും. രണ്ടാം സ്ഥാനത്തിനായി ബിജെപിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും തമ്മില്‍ നല്ല മത്സരവും ഉണ്ടാകും. കെ.മുരളീധരന് 36.51 ശതമാനം വോട്ടാണ് സര്‍വ്വെ പ്രവചിക്കുന്നത്. ഏതാണ്ട് 30 ശതമാനത്തിന് മുകളില്‍ സീറ്റ് ഇവിടെ ബിജെപിക്കും എല്‍.ഡി.എഫിനും ലഭിച്ചേക്കും. വ്യത്യാസം നേരിയതായിരിക്കും. ആര് രണ്ടാം സ്ഥാനത്ത് എന്നത് പ്രവചനാതീതമായിരിക്കുമെന്നും സര്‍വ്വെ പറയുന്നുണ്ട്.
തൃശൂര്‍ പോലെ ആറ്റിങ്ങലിലും കടുത്ത മത്സരത്തിനുള്ള സാധ്യതയാണ് സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര മന്ത്രി വി.മുരളീധരനാണ് ബിജെപി സ്ഥാനാര്‍ത്ഥിയെങ്കിലും ശക്തമായ മത്സരം എല്‍.ഡി.എഫിനും യു.ഡി.എഫിനും ഇടയിലായിരിക്കും. എല്‍.ഡി.എഫ്-യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന സാഹചര്യമാണ് ആറ്റിങ്ങലില്‍ നിലനില്‍ക്കുന്നത്. ബിജെപിക്ക് 2019നെ അപേക്ഷിച്ച് വോട്ട് കൂടും. എന്നാല്‍ വലിയ മുന്നേറ്റത്തിനുള്ള സാധ്യത സര്‍വ്വെ നല്‍കുന്നില്ല.
കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ പിന്നോട്ട് പോകും എന്നാണ് സര്‍വ്വെ പറയുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി.ജയരാജനാണ് കണ്ണൂരില്‍ സര്‍വ്വെയില്‍ മേല്‍കൈ ലഭിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആകെ ഒരു സീറ്റ് മാത്രമാണ് എല്‍.ഡി.എഫിന് കേരളത്തില്‍ നിന്ന് കിട്ടിയത്. അതുവെച്ച് നോക്കുമ്പോള്‍ എല്‍.ഡി.എഫിന് ആശ്വാസകരമായ ഫല സൂചനകളാണ് പുറത്തുവരുന്നത്