ചാരുംമൂട്: മൊബൈല്‍ ഫോണ്‍ കടയില്‍ കയറി ജീവനക്കാരെ ആക്രമിക്കുകയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത വിമുക്തഭടനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.
കാര്‍ത്തികപ്പള്ളി പത്തിയൂര്‍ എരുവ പടിഞ്ഞാറ് കളീക്കല്‍ വീട്ടില്‍ ശിവകുമാര്‍ .എസ് (47) നെയാണ് നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷൈജു ഇബ്രാഹിം ന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകിട്ട് 6.50ഓടെയാണ് ചാരുംമൂട്ടിലെ മൊബൈല്‍ ഫോണ്‍ കടയില്‍ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.
മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കടയില്‍ എത്തിയ ഇയാള്‍ കടയിലെ വനിതാ ജീവനക്കാരിയോട് തര്‍ക്കമുണ്ടാക്കി. അവരെ അസഭ്യം പറഞ്ഞു. ഇയാളെ തടയാന്‍ ശ്രമിച്ച കടയിലെ മറ്റൊരു ജീവനക്കാരനായ വെട്ടിയാര്‍ സ്വദേശിയെ മര്‍ദ്ദിച്ചു.
തുടര്‍ന്ന് കടയ്ക്കുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാള്‍ ബാഗില്‍ നിന്നും പിസ്റ്റല്‍ എടുത്ത് ജീവനക്കാരെ കൊന്നു കളയും എന്ന് ഭീഷണിപ്പെടുത്തി. കൂടുതല്‍ ആള്‍ക്കാര്‍ കടയിലേക്ക് വന്നതോടെ ഇയാള്‍ കാറില്‍ കയറി കടന്നു കളഞ്ഞു.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോണ്‍ ഉടനടി അന്വേഷണം നടത്തി പ്രതിയെ കണ്ടെത്താന്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്.പി കെ.എന്‍ രാജേഷിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് നൂറനാട് പോലീസ് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ ഇയാള്‍ വന്ന വാഹനം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
രാത്രി 11 മണിയോടെ കായംകുളം രണ്ടാംകുറ്റി ഭാഗത്ത് വച്ച് ഇയാളെ വാഹനം സഹിതം കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ നിന്നും പിസ്റ്റലും വെടിയുണ്ടകളും പിടിച്ചെടുത്തു.
വിമുക്തഭടനായ ഇയാള്‍ സ്വകാര്യ സെക്യൂരിറ്റി സര്‍വീസ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ജോലി ആവശ്യത്തിനായി ഉപയോഗിക്കുന്ന പിസ്റ്റലിന് ലൈസന്‍സ് ഉള്ളതാണ്. ലൈസന്‍സ് രേഖകളും കണ്ടെടുത്തിട്ടുണ്ട്.
പ്രതിയെ മാവേലിക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ആയുധ ലൈസന്‍സ് റദ്ദു ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തും. നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ ഷൈജു ഇബ്രാഹിമിനൊപ്പം എസ്‌ഐ അരുണ്‍കുമാര്‍ പി.എസ്, എസ്.സി.പി.ഒമാരായ സിനു വര്‍ഗീസ്, ശരത് .എസ്, പ്രവീണ്‍ .പി, കലേഷ് .കെ, രജനി ആര്‍, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.