വയനാട്: നെല്ലിയമ്പം ഇരട്ടക്കൊല കേസിലെ പ്രതിയ്ക്ക് വധ ശിക്ഷ. കായക്കുന്ന് കുറുമക്കോളനി നിവാസിയായ അർജുന് ആണ് കോടതി വധ ശിക്ഷ വിധിച്ചത്. പ്രതി കുറ്റക്കാരൻ ആണെന്ന് ഈ മാസം 24 ന് കോടതി വിധിച്ചിരുന്നു.
നെല്ലിയമ്പം സ്വദേശിയും അദ്ധ്യാപകനുമായ കേശവൻ, ഭാര്യ പത്മാവതി എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വാദം കേട്ട കോടതി അതിക്രൂരമായാണ് പ്രതി കൃത്യം നടത്തിയത് എന്ന് നിരീക്ഷിച്ചു. ഇതോടെയാണ് വധശിക്ഷ വിധിച്ചത്. അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ജഡ്ജി എസ്.കെ അനിൽ കുമാറാണ് ശിക്ഷ വിധിച്ചത്.
2021 ജൂൺ 10 നായിരുന്നു കേരളക്കരയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകം നടന്നത്. മോഷണ ശ്രമത്തിനിടെ ഇരുവരെയും അർജ്ജുൻ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ കേശവൻ സംഭവ സ്ഥലത്തും, പത്മാവതി ആശുപത്രിയിലെത്തിച്ച ശേഷവുമായിരുന്നു മരിച്ചത്. കേസിൽ മൂന്ന് മാസത്തിന് ശേഷം ആയിരുന്നു അർജുനനെ പോലീസ് പിടികൂടുന്നത്.
വിചാരണ വേളയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെ 75 പേരെ വിസ്തരിച്ചു. 179 രേഖകളും 39 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. കഴിഞ്ഞ വർഷം ഡിസംബർ 20 നായിരുന്നു വിചാരണ പൂർത്തിയായത്.