ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് ഉണ്ടാകുകയും റോഡുകൾ തകർന്നതിന്റെയും പശ്ചാത്തലത്തിൽ യുഎഇയിലുള്ളവർക്ക് പ്രത്യേക ജാഗ്രത നിർദ്ദേശവുമായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻസിഇഎംഎ). എല്ലാവരോടും താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് എൻസിഇഎംഎ നിർദ്ദേശത്തിൽ പറയുന്നത്.
വെള്ളപ്പൊക്ക സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകലെയുള്ളതും സുരക്ഷിതവും ഉയർന്നതുമായ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനും അതോറിറ്റി നിർദ്ദേശിക്കുന്നു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ എല്ലാം ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. സർക്കാർ ജീവനക്കാരോട് ചൊവ്വാഴ്ച്ചയും ബുധനാഴ്ചയും വർക്ക് ഫ്രം ഹോമിൽ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്.
യുഎഇയിലെ ഒട്ടുമിക്ക എമിറേറ്റുകളിലും മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ സഞ്ചരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ ചില വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതും കാണാം. ചിലയിടങ്ങളിൽ ഭീമാകാരമായ ആലിപ്പഴം വർഷിച്ചതോടെ വാഹനത്തിന്റെ ചില്ലുകൾ പൊട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ ഇടിയും മിന്നലുമുണ്ടായിരുന്നു. മഴയെ തുടർന്ന് വൈദ്യുതിയുടെ വിതരണവും തടസപ്പെട്ടിട്ടുണ്ട്,
രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ ജാഗ്രതാ നിർദ്ദേശമാണ് അധികൃതർ നൽകുന്നത്. മാർച്ചിലും യുഎഇയിലുള്ളവരോട് താമസസ്ഥലത്ത് തന്നെ തുടരാൻ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതോടൊപ്പം മലയോര പ്രദേശങ്ങളിൽ വാഹനം ഓടിച്ച് പോകുന്നതിനും നിരോധനം ഏർപ്പെടുത്തിയിരുന്നു