അരുണാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍; ചൈന അതിര്‍ത്തിയിലെ ഹൈവേ ഒലിച്ചുപോയി


ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വന്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. മണ്ണിടിച്ചിലില്‍ അരുണാചലിലെ ഹൈവേയുടെ ഒരു ഭാഗം ഒലിച്ചുപോയി. ഹുന്‍ലി-അനിനി ഹൈവേ റോഡാണ് തകര്‍ന്നത്. ചൈനയുടെ അതിര്‍ത്തി ജില്ലയായ ദിബാംഗ് താഴ്വരയുമായുള്ള റോഡ് ഗതാഗതം തടസ്സപ്പെട്ടു.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ മേഖലയില്‍ കനത്ത മഴയാണ്. ഇതേത്തുടര്‍ന്നാണ് ദേശീയ പാത-313-ല്‍ ഹുന്‍ലിക്കും അനിനിക്കും ഇടയില്‍ കനത്ത മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷാ സേനയും പ്രദേശവാസികളും നിരന്തരം ഉപയോഗിക്കുന്ന പ്രധാന റോഡാണ് തകര്‍ന്നത്.

നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഹൈവേയുടെ തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. റോഡ് പൂര്‍വസ്ഥിതിയിലാകാന്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് ദിബാഗ് വാലി ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍.
أحدث أقدم