ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലുള്ള 17 ഇന്ത്യക്കാരെ കാണാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉടന്‍ അനുവദിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി. ഒമാന്‍ ഉള്‍ക്കടലിന് സമീപം ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇസ്രയേല്‍ ബന്ധമുള്ള എംഎസ് സി ഏരീസ് എന്ന ചരക്കുകപ്പല്‍ ഹെലികോപ്റ്ററില്‍ എത്തിയ ഇറാന്‍ സേനാംഗങ്ങള്‍ പിടിച്ചെടുത്ത് ഇറാന്‍ സമുദ്രപരിധിയിലേക്ക് കൊണ്ടുപോയത്.
ഏപ്രില്‍ ഒന്നിന് സിറിയയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഇറാനിയന്‍ കോണ്‍സുലര്‍ കെട്ടിടത്തിനുള്ളില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ആരോപിച്ചാണ് ചരക്കുകപ്പല്‍ പിടിച്ചെടുക്കുകയും ഇസ്രയേലില്‍ ഇറാന്‍ വ്യോമാക്രമണം നടത്തുകയും ചെയ്തത്. സംഭവത്തിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ ഫോണിലൂടെ ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമിറാബ്ദോല്ലാഹിയാനുമായി സംസാരിച്ചിരുന്നു. മേഖലയില്‍ സംഘര്‍ഷത്തിന് അയവ് വരുത്തുന്നതിന് വേണ്ടിയായിരുന്നു ആശയവിനിമയം. അതിനിടെയാണ് ചരക്കുകപ്പലിലുള്ള 17 ഇന്ത്യക്കാരെ കാണാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉടന്‍ അനുവദിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അറിയിച്ചത്.
മേഖലയിലെ സ്ഥിതിഗതികളില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. സംഘര്‍ഷത്തിന് അയവ് വരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
മേഖലയിലെ തങ്ങളുടെ എംബസികള്‍ മുഖേന ഇന്ത്യന്‍ സമൂഹവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ ഇസ്രയേലും ഇറാനും തമ്മിലുള്ള ശത്രുത രൂക്ഷമാകുന്നതില്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി.