കോട്ടയം: പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ കഞ്ചാവ് വളർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വകുപ്പുതല നടപടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. എരുമേലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആയിരുന്ന ബി ആർ ജയൻ, പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ അജയ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഇന്നലെയായിരുന്നു ഇവർക്കെതിരെ നടപടി സ്വീകരിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. വനംവകുപ്പിലെ താത്കാലിക ജീവനക്കാരനായ അജേഷ് ആണ് സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് വളർത്തിയത് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ജയനും അറിയാമായിരുന്നുവെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ.
എന്നാൽ ഇക്കാര്യം ജയൻ അധികൃതരെ അറിയിച്ചില്ല. അതു മാത്രമല്ലെ തനിക്കെതിരെ പരാതി നൽകിയവരെ കുടുക്കാൻ ഈ സംഭവം ഉപയോഗിക്കുകയും ചെയ്തു. ഇതിന് പുറമേ പരാതി നൽകിയവരെ സമൂഹമാദ്ധ്യമത്തിലൂടെ ജയൻ അവഹേളിക്കാനായി സംഭവം വിനിയോഗിക്കുകയും ചെയ്തു. ഇതിനെയെല്ലാം തുടർന്നാണ് ജയനെതിരെ നടപടി സ്വീകരിച്ചത്. കഞ്ചാവ് കൃഷി നടത്തിയ വിവരം അറിഞ്ഞിട്ടും കേസ് എടുക്കാത്തതിനാണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ. അജയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്.