കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടിയതിനു പിന്നാലെ കൊച്ചി വിമാനത്താവളത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു .കൂടാതെ സംഭവത്തിൽ കൊച്ചിയിലെ ഇടപാടുകാരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐ.എത്യോപ്യയിൽ നിന്ന് എത്തിച്ച മയക്കുമരുന്നിന്‍റെ കൂടുതൽ വിവരങ്ങളറിയാൻ പ്രതിയെ ജയിലിൽ വെച്ച് ചോദ്യം ചെയ്യാനാണ് നീക്കം. കഴിഞ്ഞ ദിവസമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കെനിയിൻ പൗരനായ മൈക്കൾ നംഗ കൊക്കൈനുമായി പിടിയിലാകുന്നത്.
കൊക്കെയ്ൻ ഗുളികരൂപത്തിൽ വിഴുങ്ങിയ നിലയിലാണ് പിടികൂടിയത്. ആഫ്രിക്കൻ സ്വദേശികൾ ഇത്തരത്തിൽ വൻതോതിൽ ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് കൊച്ചിയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ ആദ്യമായാണ് വിഴുങ്ങി കടത്തിക്കൊണ്ടുവന്ന കൊക്കെയിൻ പിടികൂടുന്നത്.ട്രോളി ബാഗിനടിയിൽ അറയുണ്ടാക്കി മയക്കുമരുന്നു കടത്തുന്നത് കൂടുതൽ പിടിക്കപ്പെടാൻ തുടങ്ങിയതോടെയാണ് കൊക്കെയിനും മറ്റും വിഴുങ്ങി കടത്തിക്കൊണ്ടുവരാൻ തുടങ്ങിയത്.