മാസപ്പടി കേസ്...ശശിധരൻ കർത്തയുടെ വീട്ടിലെത്തി ചോദ്യം ചെയ്ത് ഇഡി



കൊച്ചി : എക്സാലോജിക് മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തയെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് (ഇ.‍ഡി) വീട്ടിലെത്തി ചോദ്യം ചെയ്തു .ആലുവയിലെ വീട്ടിലെത്തിയാണ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. 45 മിനിറ്റോളം ചോദ്യം ചെയ്യൽ നീണ്ടുനിന്നു. വീട്ടിൽ നിന്ന് ചില രേഖകൾ ഇഡി കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് 1.30ക്കാണ് ഇഡി ഉദ്യോഗസ്ഥർ ആലുവയിലെ വീട്ടിലെത്തിയത്.

സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വേളയിൽ തന്നെ കർത്തയെ ചോദ്യം ചെയ്യാൻ ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും കർത്ത ഹാജരാകാൻ തയാറായിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കർത്ത ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഇഡി ഉദ്യോഗസ്ഥർ വീട്ടിലെത്തി ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
أحدث أقدم