അയര്‍ലണ്ടിനെ ഭയപ്പെടുത്താന്‍ ശനിയാഴ്ച കാത്‌ലീന്‍ കൊടുങ്കാറ്റെത്തുമെന്ന് മെറ്റ് ഏറാന്‍


ഡബ്ലിന്‍ : അയര്‍ലണ്ടിനെ പേടിപ്പെടുത്താന്‍ ശനിയാഴ്ച കാത്‌ലീന്‍ കൊടുങ്കാറ്റെത്തുമെന്ന് മെറ്റ് ഏറാന്റെ മുന്നറിയിപ്പ്. ഇത് മുന്‍ നിര്‍ത്തി അഞ്ച് കൗണ്ടികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.രാവിലെ ഏഴുമുതല്‍ വൈകിട്ട് അഞ്ച് വരെയാണ് മുന്നറിയിപ്പ് ബാധകമാക്കിയത്..


അതിശക്തമായ തെക്കന്‍ കാറ്റ് കണക്കിലെടുത്ത് രാജ്യവ്യാപകമായി പ്രത്യേക യെല്ലോ മുന്നറിയിപ്പും ശനിയാഴ്ച പ്രാബല്യത്തിലുണ്ടാകും.രാവിലെ 7 മുതല്‍ രാത്രി 8 വരെയാകും ഇത് പ്രാബല്യത്തിലുണ്ടാവുക.
കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ്, ഗോള്‍വേ, മേയോ എന്നീ കൗണ്ടികളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.മഴയും ശക്തമായ കാറ്റുമൊക്കെയായി അയര്‍ലണ്ടില്‍ കാലാവസ്ഥ മൊത്തത്തില്‍ അസ്വസ്ഥ പൂര്‍ണ്ണമായി തുടരുമെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.

തെക്കന്‍ കാറ്റാകും കൊടുങ്കാറ്റായി ശക്തിപ്രാപിക്കുകയെന്ന് മെറ്റ് ഏറാന്‍ വിശദീകരിച്ചു.മരങ്ങള്‍ കടപുഴകുന്നതിനും വൈദ്യുതി തടസ്സത്തിനും തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും തിരമാലകളുടെ കടന്നുകയറ്റത്തിനുമൊക്കെ സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു.

കാത്ലീന്‍ കൊടുങ്കാറ്റ് പരിഗണിച്ച് കെ ഡബ്ല്യു ഡി റീസൈക്ലിംഗും കെറി കൗണ്ടി കൗണ്‍സിലും ശനിയാഴ്ചത്തെ കൗണ്ടി ക്ലീന്‍ അപ്പ് പരിപാടികള്‍ മാറ്റിവെച്ചു.അപകടകരമായ സാഹചര്യം ഞായറാഴ്ചയും പ്രതീക്ഷിക്കുന്നതിനാല്‍ മാലിന്യം ശേഖരിക്കുന്നത് ഏപ്രില്‍ 14 വരെ നീട്ടിയതായി കൗണ്‍സില്‍ അറിയിച്ചു.

കാത്ലിന്‍ ;ഈ സീസണിലെ 11ാമത്തെ കൊടുങ്കാറ്റ്

സെപ്തംബര്‍ മുതല്‍ അടുത്ത ഓഗസ്റ്റ് അവസാനം വരെയാണ് കൊടുങ്കാറ്റ് സീസണ്‍.2023-2024 സീസണിലെ 11ാമത്തെ കൊടുങ്കാറ്റാണ് കാത്ലീന്‍.ഐറിഷ് ക്രിസ്റ്റലോഗ്രാഫര്‍ കാത്‌ലീന്‍ ലോണ്‍സ്‌ഡെയ്‌ലിനെ അനുസ്മരിച്ചാണ് ഈ കൊടുങ്കാറ്റിന് പേരിട്ടതെന്ന് മെറ്റ് ഏറാന്‍ വിശദീകരിക്കുന്നു.

കഴിഞ്ഞ നാളുകളില്‍ നാല് കൊടുങ്കാറ്റുകളാണ് രാജ്യത്തെ വിറപ്പിച്ചത്. ഇതുവരെ കെ എന്ന അക്ഷരത്തിനപ്പുറത്തേക്ക് കൊടുങ്കാറ്റ് സീസണ്‍ എത്തിയിട്ടില്ല.നാശം വിതച്ച് ജനുവരി 23നെത്തിയ ജോസെലിന്‍ കൊടുങ്കാറ്റാണ് ഒടുവിലെത്തിയത്.തൊട്ടുമുമ്പ് ജനുവരി 21ന് ഇഷ കൊടുങ്കാറ്റുമെത്തിയിരുന്നു.മണിക്കൂറില്‍ 137 കിലോമീറ്റര്‍ വേഗതയിലാണ് ഇഷ വീശിയത്.നവംബറില്‍ എലിസ കൊടുങ്കാറ്റും ഡിസംബറില്‍ ജെറാള്‍ഡിന്‍ കൊടുങ്കാറ്റും അയര്‍ലണ്ടില്‍ നാശമുണ്ടാക്കിയിരുന്നു.

മുന്നറിയിപ്പുമായി യു കെ മെറ്റ് ഓഫീസും

യു കെ മെറ്റ് ഓഫീസും ഡച്ച് നാഷണല്‍ കാലാവസ്ഥാ നിരീക്ഷണ സര്‍വ്വീസായ കെ എന്‍ എം ഐയും ചേര്‍ന്നാണ് മെറ്റ് ഏറാന്റെ കൊടുങ്കാറ്റുകളുടെ പേരുകളുടെ പട്ടിക തയ്യാറാക്കിയത്.അയര്‍ലണ്ട്, യു കെ ,നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വരുമ്പോഴാണ് കൊടുങ്കാറ്റുകള്‍ക്ക് പേര് നല്‍കുന്നത്.
അതിനിടെ,ശക്തമായ കാറ്റ് പരിഗണിച്ച് ശനിയാഴ്ച രാവിലെ 8 മുതല്‍ രാത്രി 10 വരെ അന്‍ട്രിം, അര്‍മാഗ്, ഡൗണ്‍, ഫെര്‍മനഗ്,ടൈറോണ്‍, ഡെറി എന്നിവിടങ്ങളില്‍ യു കെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും യെല്ലോ അലേര്‍ട്ട് നല്‍കി.ന്യൂനമര്‍ദം നേരിടുന്ന പ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് നിരീക്ഷണം പറയുന്നു.
أحدث أقدم