തൃശ്ശൂർ പൂരം: സർക്കുലറിലെ വിവാദ ഉത്തരവുകൾ തിരുത്തിആനകൾ തമ്മിലുള്ള അകലത്തിലും കാഴ്ചക്കാരുമായുള്ള അകലത്തിലുള്ള നിയന്ത്രണത്തിലും ഇളവ് നല്‍കിയിട്ടുണ്ട്.


തൃശൂര്‍: പ്രതിഷേധങ്ങൾക്ക് പിന്നാലെ തൃശൂർ പുരത്തിന്‍റെ ചടങ്ങുകളില്‍ ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് തിരുത്തി. ആനയ്ക്ക് 50 മീറ്റർ ചുറ്റളവിൽ ആരും പാടില്ലെന്ന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ വിവാദ ഉത്തരവ് തിരുത്തി, ആനയ്ക്ക് അസ്വസ്ഥതയുണ്ടാകുന്ന തരത്തിൽ ആരും ചുറ്റും പാടില്ലെന്ന തരത്തിൽ സുരക്ഷ ക്രമീകരിച്ചാല്‍ മതിയെന്നാക്കി പുതിയ നിര്‍ദേശം.

നാട്ടാനകൾ ഇടഞ്ഞാൽ അവയെ തളയ്ക്കാൻ വേണ്ടി ഉപയോഗിക്കാൻ പാടില്ലാത്ത ചില നിരോധിത വസ്‌തുക്കളുടെ പേരുകൾ സർക്കുലറിൽ ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ചാൽ ആനകളുടെ ഉടമകൾക്കെതിരേ നടുപടിയെടുക്കുമെന്നായിരുന്നു നിർദേശം. ഈ വസ്തുക്കളുടെ പേര് സർക്കുലറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആനകൾ തമ്മിലുള്ള അകലത്തിലും കാഴ്ചക്കാരുമായുള്ള അകലത്തിലുള്ള നിയന്ത്രണത്തിലും ഇളവ് നല്‍കിയിട്ടുണ്ട്. മാറ്റം വരുത്തിയ ഉത്തരവ് വനം വകുപ്പ് ഹൈക്കോടതിയെ അറിയിക്കും.

ആനകളുടെ 50 മീറ്റർ ചുറ്റളവിൽ ആളും മേളവും പാടില്ലെന്ന നിര്‍ദ്ദേശമായിരുന്നു വിവാദമയത്. ഇതിനെതിരെ പാറമക്കേവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളും ആന ഉടമകളും രംഗത്തെത്തിയിരുന്നു. എന്നാൽ കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കുലർ എന്നാണ് വിശദീകരണം. എന്നാൽ ഇത് അപ്രായോഗികമാണെന്നും അത് നടപ്പിലാക്കിയാൽ മേളക്കാരും ആളുകളും തേക്കിൻകാട് മൈതാനത്തിന് പുറത്താകുമെന്നും ദേവസ്വം ഭാരവാഹികൾ പറയുന്നത്. വനംവകുപ്പിന്‍റെ വിവാദ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്ന നിലപാടിലായിരുന്നു ആന ഉടമകളുടെ സംഘടന. പ്രതിഷേധം ശക്തമായതോടെ സർക്കുലർ തിരുത്തുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

പൂരത്തിന് എഴുന്നെള്ളിക്കാനുള്ള ആനകളും പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദശമുണ്ട്. ആരോഗ്യ പ്രശനവും മദപ്പാടുള്ളതുമായ ആനകളെ ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. സർക്കുലറിലെ ഇളവ് ഉൾപ്പടെയുള്ള കാര്യങ്ങൾ ചൊവ്വാചയ്ക്കുള്ളിൽ അറിയിക്കാനാണ് ഹൈക്കോടതി നിർദ്ദേശം.

أحدث أقدم