ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍


മലയാളി ദമ്പതികളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ മൊബൈല്‍ ഫോൺ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇത് പൊലീസിന്‍റെ കയ്യില്‍ കിട്ടിയതോടെയാണ് പ്രതിയിലേക്കുള്ള വഴി തെളിഞ്ഞത്.വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവൻ നായര്‍ (72), കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഭാര്യ പ്രസന്ന കുമാരി (62) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. പത്തനംതിട്ട എരുമേലി സ്വദേശികളാണ് ഇവര്‍.

മോഷണശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. സിദ്ധ ഡോക്ടറായ ശിവൻ നായര്‍ വീട്ടില്‍ ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ ആളുകള്‍ ചികിത്സയ്ക്കെത്തുന്നതും പതിവാണ്. ഇങ്ങനെ ചികിത്സയ്ക്കെന്ന വ്യാജേന വീട്ടിലെത്തിയവരാണ് കൊല നടത്തിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പൊലീസ് നിഗമനം. ഒറ്റയ്ക്കൊരാള്‍ക്ക് ചെയ്യാവുന്ന കൃത്യമല്ല ഇതെന്നാണ് പൊലീസ് കണക്കാക്കുന്നത്. പിടിയിലായിരിക്കുന്ന മാഗേഷ് ചെന്നൈയിലെ ഹാര്‍ഡ്‍വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്.
ഞായറാഴ്ച രാത്രി 8നും 9നും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്. ഇന്നലെ തന്നെ കൊലപാതകവിവരം പുറത്തറിഞ്ഞിരുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോള്‍ പ്രതിയുടെ മൊബൈല്‍ ഫോൺ കിട്ടിയിരുന്നു. ഈ ഫോണിനെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാഗേഷ് പിടിയിലായത്.
ഇരുവരുടെയും മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്ത് നിന്ന് മക്കളെത്താനുണ്ട്. ഇതിന് ശേഷമായിരിക്കും മറ്റ് നടപടികള്‍.
أحدث أقدم