ന്യൂഡല്‍ഹി: പതഞ്ജലി പരസ്യ വിവാദക്കേസില്‍ യോഗഗുരു ബാബ രാംദേവിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസിൽ പരസ്യമായി മാപ്പുപറയാമെന്ന് ബാബ രാംദേവും അനുയായി ബാലകൃഷ്ണയും കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഒരാഴ്ച കോടതി സമയം അനുവദിച്ചു. ഇരുവര്‍ക്കും കേസില്‍ നിന്നും വിടുതല്‍ നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പതഞ്ജലി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്ന പരാതിയിലാണ് നടപടി.
ജസ്റ്റിസുമാരായ ഹിമ കോഹ്ലി, അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതിയില്‍ ഹാജരായ ബാബ രാംദേവും ബാലകൃഷ്ണയും തെറ്റായ പരസ്യം നല്‍കിയതില്‍ കോടതിയില്‍ വ്യക്തിപരമായി മാപ്പപേക്ഷ നല്‍കി. ക്ഷമാപണം ശ്രദ്ധിച്ചെങ്കിലും ഈ ഘട്ടത്തില്‍ അവരെ വിട്ടയക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
കോടതിയുമായി അവര്‍ക്ക് ബന്ധമുണ്ടെന്ന് അവര്‍ക്ക് തോന്നണം എന്നു പറഞ്ഞുകൊണ്ട് ബാബ രാംദേവിനോടും ബാലകൃഷ്ണയോടും മുന്നോട്ടു വരാന്‍ കോടതി നിര്‍ദേശിച്ചു. നിങ്ങള്‍ക്ക് അലോപ്പതിയെ തരംതാഴ്ത്താന്‍ കഴിയില്ലെന്ന് കോടതി ബാലകൃഷ്ണയോട് പറഞ്ഞു. കോടതിയോട് ഒരു തരത്തിലും അനാദരവ് കാണിക്കാന്‍ ഉദ്ദേശമില്ലെന്ന് രാംദേവ് വ്യക്തമാക്കി.
കേസില്‍ പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണ് എന്ന് രാംദേവിനും ബാലകൃഷ്ണയ്ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗി കോടതിയെ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി സുപ്രീം കോടതി കേസ് ഏപ്രില്‍ 23 ലേക്ക് മാറ്റി. കോടതിയില്‍ സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത സത്യവാങ്മൂലങ്ങളില്‍, സുപ്രീം കോടതി കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ 'മൊഴിയുടെ ലംഘന'ത്തിന് ബാബ രാംദേവും ബാലകൃഷ്ണയും ക്ഷമാപണം രേഖപ്പെടുത്തിയിരുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ ബാബാ രാംദേവിനെയും പതഞ്ജലി എം ഡി ആചാര്യ ബാലകൃഷ്ണയെയും നേരത്തെ സുപ്രീംകോടതി വിളിച്ചുവരുത്തി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയലക്ഷ്യക്കേസില്‍ ഇരുവരും എഴുതിനല്‍കിയതും നേരിട്ടുപറഞ്ഞതുമായ മാപ്പപേക്ഷ സുപ്രീംകോടതി അന്ന് തള്ളുകയും ചെയ്തിരുന്നു.