ബദരീനാഥ് ക്ഷേത്രനട തുറന്നു ; ചാർധാം തീർത്ഥാടനത്തിനായി ഉത്തരകാശിയിൽ വൻ ഭക്തജന തിരക്ക് ; ഓൺലൈൻ രജിസ്ട്രേഷൻ 23 ലക്ഷം കടന്നു



ഡെറാഡൂൺ : ശൈത്യകാലമായ ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ബദരീനാഥ് ക്ഷേത്രനട തുറന്നു. ഇതോടെ ഹൈന്ദവർ എല്ലാവർഷവും ഭക്തിപൂർണ്ണമായി നടത്തുന്ന ചാർധാം തീർത്ഥാടനത്തിന് ആരംഭമായി. കഴിഞ്ഞ വെള്ളിയാഴ്ച ചാർധാം യാത്രയിലെ മറ്റു മൂന്നു ക്ഷേത്രങ്ങളും തുറന്നിരുന്നു. ചാർധാം യാത്രയ്ക്ക് ആരംഭമായതോടെ വൻ ഭക്തജന തിരക്കാണ് ഉത്തരകാശിയിൽ അനുഭവപ്പെടുന്നത്.

കേദാർനാഥ്, ബദരീനാഥ്, യമുനോത്രി, ഗംഗോത്രി എന്നീ നാല് ക്ഷേത്രങ്ങളിലേക്ക് നടത്തുന്ന തീർത്ഥാടനം ആണ് ചാർധാം യാത്ര. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ ആയിരുന്നു ശൈത്യകാല ഇടവേളയ്ക്ക് ശേഷം ബദരീനാഥ്‌ ക്ഷേത്രത്തിൽ ചടങ്ങുകൾ ആരംഭിച്ചത്. പൂജകൾക്ക് ശേഷം രാവിലെ ആറുമണിക്ക് ക്ഷേത്രനട തുറന്നു. പുഷ്പാലംകൃതമായി പൂജകളുടെയും മന്ത്രോച്ചാരണങ്ങളുടെയും നിറവിൽ ആയിരുന്നു ബദരീനാഥ് ക്ഷേത്രം ഭക്തരെ വരവേറ്റത്.

ബദരീനാഥ് ക്ഷേത്രം ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം തുറക്കുമ്പോൾ ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ചാർധാം യാത്രയ്ക്കായി 23 ലക്ഷത്തിലധികം പേരായിരുന്നു മുൻകൂട്ടി ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തിരുന്നത്. കഴിഞ്ഞവർഷത്തെ ചാർധാം യാത്രയിൽ 20 ലക്ഷത്തിലേറെ പേർ തീർത്ഥാടനം നടത്തിയിരുന്നു.
أحدث أقدم