മലപ്പുറം ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റസ് രോഗബാധയിൽ ആശങ്ക തുടരുന്നതായി റിപ്പോർട്ട്. പോത്തുകല്ല് മേഖലയിൽ മാത്രം ഇന്നലെ രോഗം സ്ഥിരീകരിച്ചത് 24 പേർക്കാണ്. അതേസമയം, രോഗം നിയന്ത്രണവിധേയമാണെന്ന് ജില്ല ഭരണകൂടം അറിയിച്ചു. സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇന്നലെ വൈറൽ ഹെപ്പെറ്റൈറ്റിസ് ബാധിച്ചു ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചിരുന്നു. മലപ്പുറം എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 കാരനാണ് മരിച്ചത്. ഇതോടെ ജില്ലയിൽ ഒരു മാസത്തിനിടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം ജില്ലയിലെ പോത്തുകല്ലാണ് രോഗബാധയുടെ പ്രഭവകേന്ദ്രമെന്നാണ് കഴിഞ്ഞ ദിവസം മലപ്പുറം ഡിഎംഒ ആര്‍ രേണുക പറഞ്ഞിരുന്നു. കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ഡിഎംഒ പറഞ്ഞ് രണ്ടാം ദിവസമാണ് ഒരു മരണം കൂടെ ഉണ്ടായത്. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ കൂൾബാറുകളുടെയും ഹോട്ടലുകളുടെയും പ്രവർത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിരിക്കുകയാണ്. രോഗലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടർമാരെ സമീപക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അറിയിപ്പുണ്ട്