എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതോടെ വാരാണസിയില്‍ 25 മലയാളികൾ കുടുങ്ങിക്കിടക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലും ഏർപ്പെടുത്തിയിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. മറ്റന്നാൾ യാത്ര ഏർപ്പാടാക്കാമെന്നാണ് കമ്പനി അറിയിച്ചതെന്നും യാത്രക്കാർ പറഞ്ഞു.
രാവിലെ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഫ്ലൈറ്റ് റദ്ദാക്കിയ കാര്യം അറിഞ്ഞതെന്ന് യാത്രക്കാർ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. പ്രായമായവർ ഉള്‍പ്പെടെയുള്ള സംഘത്തിന് ഒരു വിശ്രമ മുറി പോലും നൽകിയില്ലെന്ന് യാത്രക്കാർ പറഞ്ഞു. മറ്റൊരു വിമാനത്തിൽ കയറി വരിക എന്നതാണ് മറ്റൊരു വഴി. എന്നാൽ സാധാരണക്കാർക്ക് താങ്ങാവുന്നതിലും കൂടുതലാണ് ടിക്കറ്റ് നിരക്കെന്ന് യാത്രക്കാർ പറഞ്ഞു. ഒരു നിവൃത്തിയുമില്ലെന്ന് യാത്രക്കാർ പറയുന്നു. വാരാണസിയിൽ തീർത്ഥയാത്രയ്ക്ക് പോയ സംഘമാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിക്കുന്നത്. ദില്ലിയിലും മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതുവരെ എയർ ഇന്ത്യയുടെ 80 സർവീസുകളാണ് റദ്ദാക്കിയത്.