400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍




ന്യൂഡല്‍ഹി: നാനൂറിലേറെ സീറ്റു നേടുമെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 300ലേറെ സീറ്റു തന്നെ അസാധ്യമാണ്. ഇക്കുറി ഇരുന്നൂറു സീറ്റു പോലും ബിജെപിയെ സംബന്ധിച്ച് വെല്ലുവിളിയാണെന്ന് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു.

കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും ബിജെപിക്ക് ഒരു സീറ്റു പോലും കിട്ടില്ല. തെക്കേ ഇന്ത്യയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മോശമായിരിക്കും ബിജെപിയുടെ സ്ഥിതിയെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു.

190 സീറ്റുകളിലാണ് ഇതുവരെ വോട്ടെടുപ്പു നടന്നത്. തനിക്കു കിട്ടുന്ന വിവരം അനുസരിച്ച് കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ അനൂകൂല സുചനകളാണുള്ളതെന്ന് തരൂര്‍ പറഞ്ഞു. പ്രതിപക്ഷത്തിന് അനുകൂലമായ തരംഗം ഉണ്ട് എന്നൊന്നും പറയുന്നില്ല. എന്നാല്‍ നിശ്ചയമായും കാര്യങ്ങള്‍ സര്‍ക്കാരിന് അനുകൂലമല്ല. ഹിന്ദി ഭാഷാ സംസ്ഥാനങ്ങളില്‍പോലും കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമുണ്ട്.

കോണ്‍ഗ്രസിനും ഇന്ത്യാ സഖ്യത്തിനും എത്ര സീറ്റ് കിട്ടും എന്ന ചോദ്യത്തിന്, സ്‌കോര്‍ അല്ല, വിജയമാണ് പ്രവചിക്കുന്നത് എന്നായിരുന്നു തരൂരിന്റെ മറുപടി. ബിജെപി തോല്‍ക്കും എന്നത് ഉറപ്പായ കാര്യമാണ്. കഴിഞ്ഞ തവണ വന്‍ നേട്ടമുണ്ടാക്കിയ ഇടങ്ങളിലൊന്നും അത് ആവര്‍ത്തിക്കാന്‍ ബിജെപിക്കാവില്ല. ഹരിയാനയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന് ഒരു സീറ്റും കിട്ടിയില്ല. ഇത്തവണ അഞ്ചു മുതല്‍ ഏഴു സീറ്റു വരെ കിട്ടുമെന്നാണ് സര്‍വേകളുടെ പ്രവചനം. കര്‍ണാടകയില്‍ ഒരു സീറ്റാണ് കഴിഞ്ഞ തവണ കിട്ടിയത്. ഇത്തവണ അത് 10 മുതല്‍ 17 വരെയാവുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ചിലര്‍ 20 വരെ സീറ്റുകള്‍ പറയുന്നുണ്ട്- തരൂര്‍ ചൂണ്ടിക്കാട്ടി.



أحدث أقدم