കോവളത്തെ തുണിക്കട കുത്തിപ്പൊളിച്ച് 60,000 രൂപ കവർന്നു...പ്രതി 150 ഓളം കവർച്ചകൾ നടത്തിയയാൾ





തിരുവനന്തപുരം: തുണിക്കടകളിലും മെഡിക്കൽ സ്റ്റോറുകളിലും അടക്കം 150ഓളം ഇടങ്ങളിൽ കവർച്ചകൾ. ജയിൽ മോചിതനായി ഒന്നര മാസത്തിനുള്ളിൽ ഏഴിടങ്ങളിൽ കൂടി കവർച്ച നടത്തിയ മോഷ്ടാവ് പിടിയിൽ. കോവളത്തെ തുണിക്കട കുത്തിപ്പൊളിച്ച് അകത്ത് കടന്ന് 60,000 രൂപ കവരുന്നത് സി സി ടി വി യിൽ പതിഞ്ഞതോടെയാണ് കള്ളൻ കുടുങ്ങിയത്. കൊട്ടാരക്കര പുത്തൂർ കോട്ടത്തറ കരിക്കകത്ത് വീട്ടിൽ കോട്ടത്തറ രാജേഷ് എന്ന് വിളിക്കുന്ന അഭിലാഷ് (43) ആണ് പിടിയിലായത്.

കോവളം പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശൂർ പേരാമംഗലം പൊലീസാണ് പ്രതിയെ പിടികൂടി വിയ്യൂർ ജയിലിൽ അടച്ചത്. റിമാന്‍റിലായിരുന്ന പ്രതിയെ കോവളം പൊലീസ് ഇന്നലെ തെളിവെടുപ്പിന് എത്തിച്ചു. മോഷണ പരമ്പരകൾക്കിടയിൽ ഇടക്കാലത്ത് പൊലീസ് പിടിയിലായി ജയിലിലായിരുന്ന അഭിലാഷ് ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് ജയിൽ മോചിതനായതിന് പിന്നാലെ വീണ്ടും മോഷണം നടത്തുകയായിരുന്നു.

ഇന്നലെ ഒരു ദിവസത്തെ കസ്റ്റഡിയിൽ പ്രതിയെ ഏറ്റുവാങ്ങിയ കോവളം പൊലീസ്, വാഴമുട്ടത്തെ മോഷണം നടന്ന തുണിക്കടയിലും താമസിച്ചിരുന്ന ലോഡ്ജിലുമെല്ലാം എത്തിച്ച് തെളിവെടുപ്പ് നടത്തി മറ്റ് നടപടികൾ പൂർത്തിയാക്കി. ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ പ്രതിയെ ഹാജരാക്കും. കോവളം എസ്.ഐ നിസാമുദ്ദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്യാം കൃഷ്ണൻ, സുധീർ, സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്.

أحدث أقدم