സ്വന്തം അക്കൗണ്ടിലെത്തിയത് 9900 കോടി രൂപ…അന്തംവിട്ട് യുവാവ്…


അപ്രതീക്ഷിതമായി സ്വന്തം ബാങ്ക് അക്കൗണ്ടിൽ 9900 കോടി രൂപ ക്രെഡിറ്റായെന്ന് കണ്ടാൽ എന്തായിരിക്കും പ്രതികരണം.ചിലർ കോളടിച്ചല്ലോ എന്ന് ആദ്യം കരുതിയേക്കാം. എന്നാൽ ഭൂരിപക്ഷം പേരും അടുത്ത നിമിഷം തന്നെ ഇത് തട്ടിപ്പായിരിക്കാം എന്ന ആശങ്ക കാരണം ബാങ്കിനെ അറിയിക്കാനാണ് സാധ്യത.

ഭാനു പ്രകാശ് എന്ന യുവാവിന്‍റെ അവസ്ഥയും സമാനമായിരുന്നു. സ്വന്തം ബാങ്ക് അക്കൗണ്ടിൽ 9900 കോടി രൂപ എത്തിയെന്ന സന്ദേശം കണ്ട് ആദ്യം യുവാവിന് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. ഉടനെ ബാങ്കിനെ വിവരം അറിയിച്ചതോടെയാണ് സംഭവിച്ചത് എന്താണെന്ന് വ്യക്തമായത്. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലാണ് സംഭവം.
ഭാനു പ്രകാശിന്‍റെ ബറോഡ യുപി ബാങ്കിലെ അക്കൗണ്ടിലേക്കാണ് 99,99,94,95,999.99 രൂപ എത്തിയത്. ഉടനെ അദ്ദേഹം ബാങ്കിൽ ഇക്കാര്യം അറിയിച്ചു. ഭാനു പ്രകാശിന്‍റേത് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ലോൺ അക്കൗണ്ടാണെന്നും നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) മാറിയെന്നും ബാങ്ക് വ്യക്തമാക്കി. സോഫ്‌റ്റ്‌വെയർ പിഴവ് കാരണമാണ് ഭീമമായ തുക അക്കൌണ്ടിലെത്തിയെന്ന സന്ദേശം വന്നതെന്ന് ബ്രാഞ്ച് മാനേജർ രോഹിത് ഗൗതം പറഞ്ഞു. അക്കൌണ്ടിന്‍റെ എൻപിഎ സ്റ്റാറ്റസുമായി ബന്ധിപ്പെട്ടുള്ള സോഫ്റ്റ്‌വെയർ ബഗ് മൂലമാണ് ഈ പിഴവ് വന്നതെന്ന് അദ്ദേഹം അറിയിച്ചു. പിഴവ് പരിഹരിക്കാനുളള നടപടി തുടങ്ങിയെന്ന് ബാങ്ക് അറിയിച്ചു. പ്രശ്നം പരിഹരിക്കുന്നതുവരെ ഭാനു പ്രകാശിന്റെ അക്കൌണ്ട് ഹോള്‍ഡിൽ വെച്ചിരിക്കുകയാണ്.
أحدث أقدم