തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. ആകെ വേണ്ട ആറ് കോടിക്ക് പകരം സർക്കാർ ഇതുവരെ അനുവദിച്ചത് 36 ലക്ഷം മാത്രമാണ്. അനുവദിച്ച തുക വിരമിച്ച ഉദ്യോഗസ്ഥർക്ക് നൽകണമെന്നാണ് നിർദേശം. ഇത് സംബന്ധിച്ച് ഡിജിപി ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ കത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സ്റ്റുഡന്റ് പൊലീസ്, എസ്പിസി, എൻസിസി തുടങ്ങി തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ വിദ്യാർത്ഥികൾക്കും പ്രതിഫലമായി നൽകേണ്ട പണം ലഭിച്ചിട്ടില്ല.
പണം എന്ന് കൈമാറുമെന്ന വിവരം നല്‍കാൻ പൊലീസ് ഡിപ്പാർട്ട്മെന്റോ സർക്കാറോ തിരഞ്ഞെടുപ്പ് കമ്മീഷനോ ഇത് വരെ തയ്യാറായിട്ടില്ല. ദിവസം 1300 രൂപ വെച്ച് രണ്ട് ദിവസ വേതനമായി 2600 രൂപയാണ് ഒരാൾക്ക് നൽകേണ്ടത്. മുൻ വർഷങ്ങളിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം തന്നെ ബൂത്തിൽ വെച്ച് കൈമാറുന്ന പണമാണ് ഇത്തവണ ഒരു മാസം കഴിഞ്ഞിട്ടും സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ലഭിക്കാത്തത്. ഏകദേശം 25000 സ്പെഷ്യൽ പൊലീസ് ഓഫീസർമാരെയാണ് ഇത്തവണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നത്.