ബൂത്ത് തല വോട്ടിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കില്ല; ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി




ന്യൂഡല്‍ഹി: ബൂത്ത് തലത്തിലെ വോട്ടിങ് വിവരങ്ങള്‍ വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്ന ഘട്ടത്തില്‍ ഇതിനായി ആളെ കണ്ടെത്താന്‍ കമ്മിഷന് കഴിയില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ചിന്റെ നടപടി.

അഞ്ചു ഘട്ടത്തിലെ തെരഞ്ഞെടുപ്പു പൂര്‍ത്തിയായെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടു ഘട്ടം കൂടി പൂര്‍ത്തിയാക്കാനുണ്ട്. ഈ ഘട്ടത്തില്‍ ബുത്തു തല വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിന് ആളെ വിനിയോഗിക്കാന്‍ കമ്മിഷന് കഴിയില്ലെന്ന് കോടതി പറഞ്ഞു.

ബൂത്ത് തല വോട്ടിങ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കമ്മിഷന് നിര്‍ദേശം നല്‍കണമെന്ന്, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഉപഹര്‍ജിയിലൂടെയാണ് ആവശ്യപ്പെട്ടത്. 2019 മുതല്‍ പരിഗണനയിലുള്ള മുഖ്യ ഹര്‍ജിക്കൊപ്പം ഇതു പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.


Previous Post Next Post