ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന




ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ചാണക്യപുരിയിലെ സംസ്‌കൃതി സ്‌കൂള്‍, മയൂര്‍ വിഹാറിലെ മദര്‍ മേരി സ്‌കൂള്‍, വസന്ത്കുഞ്ജിലേയും ദ്വാരകയിലേയും ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍, സാകേതിലെ അമിറ്റി സ്‌കൂള്‍ തുടങ്ങി എട്ടോളം സ്കൂളുകളിലാണ് ബോംബ് ഭീഷണി. പുലർച്ചെ ഇ-മെയിലിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.

ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും കൂടുതല്‍ സ്‌കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. നോയിഡയിലെ ഡിപിഎസ് സ്കൂളിനും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ബോംബ് ഭീഷണിയെത്തുടർന്ന് സ്കൂളുകളിൽ നടത്തി വന്ന പരീക്ഷകൾ നിർത്തി. സ്കൂളുകളിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന തുടരുകയാണ്.

സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ അറിയിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും ഡൽഹി പൊലീസ് അറിയിച്ചു. ഡൽഹി പൊലീസിന് പുറമേ കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.
أحدث أقدم