മദ്യ ലഹരിയിൽ യുവാവ് യുവതിയെ ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തല്‍




പത്തനംതിട്ട : തിരുവല്ലയില്‍ മദ്യപൻ യുവതിയെ പരസ്യമായി ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി വിലയിരുത്തല്‍. സ്റ്റേഷൻ വളപ്പില്‍ ഏറെ നേരം നിന്ന് ബഹളം വയ്ക്കുകയും പൊലീസുകാരെ വെല്ലുവിളിക്കുകയും ചെയ്ത ശേഷമാണ് പ്രതി ജോജോ പുറത്തിറങ്ങി യുവതിയെയും ആക്രമിച്ചത്. ഈ സമയത്ത് ജോജോയെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കില്‍ യുവതി ആക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ല എന്നാണ് വിലയിരുത്തല്‍. പൊലീസില്‍ ഉന്നത ഉദ്യോഗസ്ഥരും സംഭവത്തെ ഈ രീതിയില്‍ തന്നെ സമീപിക്കുന്നതായാണ് സൂചന. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വന്നേക്കുമെന്നും സൂചനയുണ്ട്. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. സ്കൂട്ടര്‍ നിര്‍ത്തിയിട്ട് വഴിയരികില്‍ നില്‍ക്കുകയായിരുന്ന യുവതിയെ മദ്യപിച്ച് ലക്കുകെട്ട് എത്തിയ ജോജോ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. നാട്ടുകാര്‍ പെട്ടെന്ന് ഇടപെട്ടതിനാലാണ് കൂടുതല്‍ പരുക്കുകള്‍ ഏല്‍ക്കാതെ യുവതി രക്ഷപ്പെടുകയായിരുന്നു.

സ്കൂട്ടറിന്‍റെ താക്കോല്‍ തട്ടിപ്പറിക്കുകയും യുവതിയുടെ കൈ പിടിച്ച് തിരിക്കുകയുമാണ് ആദ്യം ഇയാള്‍ ചെയ്തത്. ഇതോടെ ഭയന്ന് ശബ്ദമുണ്ടാക്കിയ യുവതിയുടെ സഹായത്തിനായി നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. മദ്യലഹരിയിൽ തനിയെ ബൈക്കോടിച്ചാണ് ജോജോ ആദ്യം സ്റ്റേഷൻ വളപ്പിലെത്തുന്നത്. ഇവിടെ അരമണിക്കൂറോളം നിന്ന് പൊലീസുകാരെ വെല്ലുവിളിക്കുകയും പരിസരത്തുള്ളവരെ അസഭ്യം വിളിക്കുകയുമെല്ലാം ചെയ്തു. ഈ സമയത്ത് ഉദ്യോഗസ്ഥര്‍ ആരും അനങ്ങിയില്ലെന്നാണ് പരാതി. പിന്നീട് സ്ഥിരം പ്രശ്നക്കാരൻ എന്ന് പറഞ്ഞ് സ്റ്റേഷന് പുറത്തേക്ക് ഇറക്കിവിടുകയാണുണ്ടായത്.അൽപസമയം കഴിഞ്ഞ് വീണ്ടും സ്റ്റേഷനിലേക്ക് എത്തിയ ജോജോ അശ്ലീല പ്രദർശനം വരെ നടത്തി. അപ്പോഴും പൊലീസ് വിരട്ടിവിട്ടു എന്നല്ലാതെ കസ്റ്റഡിയിൽ എടുത്തില്ല. ഇവിടെ നിന്ന് നേരെ പോകുമ്പോഴാണ് ജോജോ യുവതിയെ ആക്രമിക്കുന്നത്. പോലീസ് സ്റ്റേഷന് തൊട്ടടുത്ത് വച്ച് തന്നെയാണ് സംഭവം നടക്കുന്നത്. കണ്ടുനിന്നവർ ഓടിയെത്തിയത് കൊണ്ട് മാത്രം 25കാരി ഗുരുതര പരിക്ക് ഏൽക്കാതെ രക്ഷപെട്ടു.
أحدث أقدم