ഗള്‍ഫില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പ്രവാസി ഇന്ത്യൻ ദമ്പതികളുടെ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം


ഗള്‍ഫില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഇന്ത്യന്‍ ദമ്പതികളുടെ പിഞ്ചുകുഞ്ഞ് മരിച്ചു. സൗദി അറേബ്യയിലാണ് സംഭവം. മംഗലാപുരം സ്വദേശികളായ ശൈഖ് ഫഹദ്, സല്‍മാ കാസിയ ദമ്പതികളുടെ ഇളയ മകന്‍ സായിഖ് ശൈഖ് (3) ആണ് മരിച്ചത്. കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയായിരുന്നു മരണം. ദമ്മാം അല്‍ ഹുസൈനി കോമ്പൗണ്ടിലെ വില്ലയിലാണ് അപകടം നടന്നത്. മൂത്ത മകന്‍ സാഹിര്‍ ശൈഖ് (5) ഒഴിച്ച് ബാക്കിയുള്ളവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഞായര്‍ അര്‍ദ്ധരാത്രി വില്ലയിലെ താഴത്തെ നിലയിലെ ഫ്രിഡ്ജ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഇതോടൊപ്പം കറുത്ത പുക മുറിക്കുള്ളിലാകെ നിറയുകയും ചെയ്തു. ഉറക്കത്തില്‍ നിന്നുണര്‍ന്ന കുടുംബത്തിന് കടുത്ത പുക കാരണം പുറത്തേക്ക് രക്ഷപെടാന്‍ ആകുമായിരുന്നില്ല. കോമ്പൗണ്ടിന്റെ കാവല്‍ക്കാരനെ ഫോണില്‍ വിളിച്ച് കുടുംബം രക്ഷപ്പെടുത്താന്‍ അപേക്ഷിക്കുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയെങ്കിലും ആര്‍ക്കും അകത്തേക്ക് കയറാന്‍ കഴിയുമായിരുന്നില്ല.
അഗ്‌നിശമന യൂനിറ്റെത്തി തീ അണച്ചതിന് ശേഷമാണ് കുടുംബത്തെ പുറത്തെത്തിച്ചത്. അപ്പോഴേക്കും കടുത്ത പുക ശ്വസിച്ച് ഇവര്‍ അബോധാവസ്ഥയിലായിരുന്നു. ഗുരുതര അവസ്ഥയിലുള്ള ശൈഖ് ഫഹദിനെ ദമ്മാം അല്‍മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലും, ഭാര്യ സല്‍മാ കാസിയെ ദമ്മാം മെഡിക്കല്‍ കോംപ്ലസ് അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. മൂത്ത മകന്‍ സാഹിര്‍ ശൈഖ് അപകടനില തരണം ചെയ്തിട്ടുണ്ട്. അഗ്?നിശമന സേന എത്തുമ്പോഴേക്കും മൂന്നു വയസ്സുകാരന്‍ സായിക് ശൈഖ് മരണത്തിന് കീഴടങ്ങിയിരുന്നു. മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്
أحدث أقدم