യുഎഇയിലെ അബുദാബിയിൽ മാർച്ച് 31ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ചാവക്കാട് ഒരുമനയൂർ കാളത്തുവീട്ടിൽ സലീം – സഫീനത്ത് ദമ്പതികളുടെ മകൻ ഷെമീലിനെ(28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുസഫ സായിദ് സിറ്റിയിലെ താമസ സ്ഥലത്തിനടുത്തെ കെട്ടിടത്തിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർച്ച് 31 മുതലാണ് ഷെമീലിനെ കാണാതായത്. ജോലി കഴിഞ്ഞ് ഇദ്ദേഹം റൂമിൽ തിരിച്ചെത്തിയിരുന്നില്ല. ഇതെ തുടർന്ന് റാസൽഖൈമയിലുള്ള ഷെമിലിന്റെ പിതാവ് സലിമിനെ റൂമിലുള്ളവർ വിവരം അറിയിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിൽ മൃതദേഹം കഴിഞ്ഞ ദിവസം മുസഫയിലെ ഷെമീലിന്റെ താമസസ്ഥലത്തിന് അടുത്തുനിന്ന് കണ്ടെത്തുകയായിരുന്നു.
നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. അബുദാബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീൽ. പൊലീസാണ് ഷെമീൽ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്.