പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം ആരംഭിക്കും.ഫിഷറീസ് വകുപ്പിന്റെ കണക്ക് പ്രകാരം 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്.അതേസമയം വ്യവസായ മേഖലയിൽ നിന്ന് ഏതെങ്കിലും കമ്പനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാൻ സിസി ടിവി ക്യാമറകൾ പരിശോധിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
ഓക്സിജന്റെ അളവ് കുറഞ്ഞത് മൂലമാണ് മത്സ്യങ്ങൾ ചത്ത് പൊങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.രാസ ജൈവ മാലിന്യങ്ങൾ മൂലമാകാം പെരിയാറിലെ ഓക്സിജന്റെ അളവ് വലിയ തോതിൽ കുറഞ്ഞത്.പാതാളത്തെ ബണ്ട് തുറന്നപ്പോൾ കൂടിക്കിടന്ന രാസമാലിന്യം പുഴയിൽ കലരുകയായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പുഴയിലെ ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ കുഫോസ് സെൻട്രൽ ലാബിൽ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ ഫലം ലഭിക്കും.