ഗസ്സയിൽ നിന്ന് തെൽ അവീവിലേക്ക് റോക്കറ്റ് വർഷിച്ച് ഹമാസ്



ഗസ്സ സിറ്റി: ഗസ്സ മുനമ്പിൽ നിന്ന് ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സ് അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിന്റെ പലയിടങ്ങളിലും ഇസ്രായേൽ സൈന്യം അപായ സൈറൺ മുഴക്കി. ഞായറാഴ്ചയാണ് സംഭവം.

മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഗസ്സയിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടു​ന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സാധാരണക്കാരായ ജനങ്ങൾക്ക് നേരെയുള്ള സയണിസ്റ്റ് കൂട്ടക്കൊലക്ക് മറുപടിയായിട്ടാണ് റോക്കറ്റുകൾ വിക്ഷേപിച്ചതെന്ന് അൽ ഖസ്സാം ബ്രിഗേഡ്സ് ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു.

റോക്കറ്റുകൾ ഗസ്സ മുനമ്പിൽ നിന്നാണ് വിക്ഷേപിച്ചതെന്ന് ഹമാസിന്റെ അൽ അഖ്സ ടി.വിയും സ്ഥിരീകരിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ആദ്യമായിട്ടാണ് തെൽ അവീവിൽ അപായ സൈറണുകൾ മുഴങ്ങുന്നത്. തെൽ അവീവിന്റെ പല ഭാഗത്തായി 15 സ്ഫോടന ശബ്ദങ്ങൾ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, മധ്യ ഇസ്രായേലിലേക്ക് ഞായറാഴ്ച റോക്കറ്റുകൾ തൊടുത്തുവിട്ടത് റഫ മേഖലയിൽ നിന്നാണെന്ന് ഇസ്രായേൽ പ്രതിരോധ സേന ആരോപിച്ചു. പ്രദേശത്തെ റോക്കറ്റ് നിർമ്മാണ കേ​ന്ദ്രത്തിന് നേരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് പുതിയ ആക്രണമമെന്നും ഇസ്രായേൽ സൈന്യം കൂട്ടിച്ചേർത്തു. റോക്കറ്റ് ആക്രമണത്തിൽ മധ്യ ഇസ്രായേലിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റതായി മാഗൻ ഡേവിഡ് അഡോം റെസ്ക്യൂ സർവീസ് റിപ്പോർട്ട് ചെയ്തു. 
أحدث أقدم