സൗരക്കാറ്റും സൗരകളങ്കവും വരുന്നു; വൈദ്യുതിശൃംഖലകളും, ആശയവിനിമയ സംവിധാനവും താറുമാറായേക്കും





വാഷിങ്ടൺ: അതിശക്തമായ സൗരക്കാറ്റ് ഭൂമിയിലേക്ക് ആഞ്ഞു വീശുന്നതിന്‍റെ ഭാഗമായി യുഎസിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടേക്കാം. ആശയ വിനിമയം പൂർണമായും തകരാനുള്ള സാധ്യതയുമുണ്ടെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ പറയുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ സൗരക്കാറ്റ് ഭൂമിയിൽ പതിച്ചേക്കാം. സൗരക്കാറ്റിന്‍റെ സ്വാധീനം ഒരാഴ്ചയോളം നീണ്ടു നിന്നേക്കാം. ഉപഗ്രഹങ്ങളെയും സൗരക്കാറ്റ് ബാധിച്ചേക്കാം.
സൗരക്കാറ്റ് മൂലം യുഎസിലെ അലബാമ, വടക്കൻ കാലിഫോർണിയ എന്നിവിടങ്ങിൽ ഉത്തരധ്രുവ ദീപ്തി പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുമുണ്ട്.

ഇതിനു മുൻപ് 1859ലാണ് ശക്തമായ സൗരക്കാറ്റ് ആഞ്ഞടിച്ചിട്ടുള്ളത്. 2003ലുണ്ടായ സൗരക്കാറ്റിൽ സ്വീഡനിലെയും ദക്ഷിണാഫ്രിക്കയിലെയും വൈദ്യുതി ബന്ധം താറുമാറായിരുന്നു. സൗരക്കാറ്റ് അവസാനിച്ചാലും ജിപിഎസ് സാറ്റലൈറ്റുകളുമായുള്ള ബന്ധം നഷ്ടപ്പെടാനാണ് സാധ്യത.
ബുധനാഴ്ച മുതൽ സൂര്യനിൽ നിന്ന് ശക്തമായ സൗരജ്വാലാ പ്രവാഹമാണുണ്ടാകുന്നത്. ഇതിന്‍റെ ഭാഗമായി ഏഴു പ്രാവശ്യത്തോളം കൊറോണൽ മാസ് ഇജക്ഷൻ ഉണ്ടായിട്ടുണ്ട്. അതിലൂടെ ബില്യൺ കണക്കിന് ടൺ പ്ലാസ്മയും കാന്തി. മണ്ഡലച്ചുഴികളുമാണ് സൂര്യന്‍റെ കൊറോണയിൽ എത്തിയിരിക്കുന്നത്. ഇതു മൂലം ഭൂമിയേക്കാൾ 16 മടങ്ങ് വ്യാസമുള്ള സൂര്യകളങ്കം(സൺസ്പോട്ട്) നിർമിക്കപ്പെട്ടിട്ടുണ്ട്. എആർ 3664 എന്നാണ് സൗരകളങ്കത്തിന് നൽകിയിരിക്കുന്ന പേര്. ഇവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. എന്നാൽ ഫിൽട്ടറുകൾ ഇല്ലാതെ സൂര്യനെ നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും
أحدث أقدم