കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്തിക്കൊണ്ടുവന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ചെരുപ്പിൽ ഒളിപ്പിച്ച സ്വർണവുമായി യുവതി പുറത്ത് കടന്നെങ്കിലും ഒടുവിൽ പ്രാണരക്ഷാർത്ഥം വിമാനത്താവളത്തിൽ തിരികെ എത്തി കസ്റ്റംസിൽ കീഴടങ്ങി.കസ്റ്റംസ് പരിശോധനയിൽ രക്ഷപ്പെട്ടെങ്കിലും വിമാനമിറങ്ങി ടെർമിനലിനു പുറത്തെത്തിയ യുവതി ബൈക്കിലെത്തിയ ആളോടൊപ്പം പോകാൻ തുനിഞ്ഞു. എന്നാൽ, കാറുമായി എത്തിയ സംഘം യുവതിയോട് കാറിൽ കയറാൻ ആവശ്യപ്പെട്ടു. ഇതോടെ ഭയന്ന് പോയ യുവതി ഉടൻ ടാക്സി തരപ്പെടുത്തി അതിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, കാറിലെത്തിയ സംഘം യുവതിയെ പിൻതുടർന്നു.ഇവരുടെ പിടിയിലാകുമെന്ന് കണ്ടപ്പോൾ യുവതി കാർ വിമാനത്താവളത്തിലേക്ക് തിരിക്കാൻ ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെത്തിയപ്പോൾ ടെർമിനൽ മാനേജരുടെ കാബിനിൽ അഭയംപ്രാപിച്ചു. ടെർമിനൽ മാനേജർ അറിയിച്ചതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയിൽ ഇവർ ധരിച്ചിരുന്ന ചെരിപ്പിൽ 250 ഗ്രാം സ്വർണം കണ്ടെത്തി.ഇവരെ കൂട്ടിക്കൊണ്ടുപോകാൻ ബൈക്കിലെത്തിയ ആളെ നെടുമ്പാശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോകാൻ കാറിലെത്തിയ സംഘത്തെ കണ്ടെത്താനായിട്ടില്ല.