അടൂർ: വെട്ടിക്കളഞ്ഞ അരളിച്ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തു. തെങ്ങമം മഞ്ജുഭവനം പങ്കജവല്ലിയമ്മയുടെ പശുവും കിടാവുമാണ് ചത്തത്. പശുവിന് ചക്ക കൊടുത്തുവെന്നും ദഹനക്കേടാണെന്നും പറഞ്ഞ് ഇവർ മൃഗാശുപത്രിയിലെത്തി മരുന്നു വാങ്ങിയിരുന്നു. ഇതുമായി വീട്ടിൽച്ചെന്നപ്പോഴേക്കും കിടാവ് ചത്തു. പിറ്റേന്ന് തള്ളപ്പശുവും ചത്തു വീഴുകയായിരുന്നു. മരണകാരണം എന്താണെന്ന് കൃത്യമായി കണ്ടു പിടിക്കാൻ കഴിഞ്ഞിരുന്നില്ല.
സാധാരണ ചക്ക തിന്നാലുണ്ടാകുന്ന ദഹനക്കേട് മരുന്ന് കൊടുത്താൽ മാറുന്നതാണ്. മരുന്നു കൊടുത്തിട്ടും മാറാതെ വന്നപ്പോൾ കുത്തിവയ്പും എടുത്തു. രണ്ടു ദിവസം മുൻപ് സബ്സെന്ററിൽ നിന്ന് കുത്തിവയ്പിന് ഇവരുടെ വീട്ടിലെത്തിയ ലൈവസ്റ്റോക്ക് ഇൻസ്പെക്ടറും സംഘം വീടിന് സമീപം അരളി കണ്ടിരുന്നു. വേറെ ഏതോ വീട്ടിൽ വെട്ടിക്കളഞ്ഞിരുന്ന അരളിച്ചെടിയുടെ ഇല ഇവർ പശുവിന് കൊടുത്തിരുന്നു.
പങ്കജവല്ലിക്ക് മറ്റു രണ്ടു പശുക്കൾ കൂടിയുണ്ട്. ഇതിന് ഇല കൊടുക്കാതിരുന്നതിനാൽ കുഴപ്പമില്ല. വലിയ തോതിൽ അരളിച്ചെടി പശുവിൻ്റെ ഉള്ളിൽ ചെന്നതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. പശുക്കൾ ചാകാൻ കാരണം അരളി ഇലയിൽ നിന്നുള്ള വിഷബാധയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.