കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകളിൽ മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടപ്പെട്ടു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടി.ചങ്ങനാശ്ശേരി പാറേൽ പള്ളിക്ക് സമീപം ക്രൈസ്റ്റ് നഗർ സഞ്ജീവനി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കൊച്ചു പറമ്പിൽ ജോസി വർഗീസിന്റെ വീട്ടിലാണ് വൻ മോഷണം നടന്നത്. ജോസിയുടെ ഭാര്യ സൗമ്യ അടുത്ത ദിവസം കാനഡയിലേക്ക് പോകുന്നതിനാൽ ടിക്കറ്റ് എടുക്കാൻ കരുതി വെച്ചിരുന്ന രണ്ടര ലക്ഷം രൂപയും, ഒന്നര പവനിലേറെ വരുന്ന കമ്മലും, മോതിരവും, മുക്കൂത്തിയും അടങ്ങുന്ന വജ്ര, സ്വർണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ജോസി ജോലിയുമായി ബന്ധപ്പെട്ട് യാത്ര കഴിഞ്ഞ് പുലർച്ചെ അഞ്ചു മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അടുക്കള വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തു കയറിയ കാര്യം അറിഞ്ഞത്.
വിദേശത്തേക്ക് പോകുന്നതിനായി പണത്തോടൊപ്പം സൂക്ഷിച്ചിരുന്ന സർട്ടിഫിക്കറ്റുകൾ അടക്കമുള്ള രേഖകൾ സമീപത്തെ പുരയിടത്തിൽ നിന്നുമാണ് കണ്ടെത്തിയത്. കുരിശുംമൂട് സ്വദേശി ആന്റണിയുടെ വീട്ടിലെ മേശയുടെ ഡ്രോയിൽ നിന്നും 900 രൂപയോളം മോഷ്ടാക്കൾ കവർന്നു. സമീപവാസിയായ ബൈജുവിന്റെ ഉൾപ്പെടെ പല വീടുകളിലും അകത്തു കയറുവാൻ ശ്രമം നടന്നിട്ടുണ്ട്. പുലർച്ചെ ഒരു മണിക്കും നാലുമണിക്കും ഇടയിലാണ് മോഷണങ്ങൾ നടന്നത്. പ്രദേശത്തെ ഒരു നിരീക്ഷണ ക്യാമറയിൽ തമിഴ്നാട് സ്വദേശികൾ എന്ന് കരുതുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് മുൻനിർത്തി ചങ്ങനാശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.