ശവസംസ്കാര ചടങ്ങിനിടെ കുട്ടി കണ്ണു തുറന്നു… മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു…


ഒരുപക്ഷേ ജീവിതത്തിൽ ഏതൊരാൾക്കും അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ വേദന പ്രിയപ്പെട്ടവരുടെ മരണം ആയിരിക്കും . ആരുടെയും നിയന്ത്രണത്തിൽ അല്ലാത്ത കാര്യമാണ് അത്. ഒരു മെക്സിക്കൻ കുടുംബത്തിന് അത്തരമൊരു ദൗർഭാഗ്യകരമായ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നത് ഒന്നല്ല രണ്ടു തവണയാണ്. മൂന്ന് വയസ്സുകാരിയായ കുട്ടിയുടെ മരണം സ്ഥിരീകരിച്ച് ശവസംസ്കാര ചടങ്ങുകൾ നടക്കുന്നതിനിടയിൽ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ടെത്തുകയും പിന്നീട് ഏതാനും നിമിഷങ്ങൾക്ക് ശേഷം കുഞ്ഞ് വീണ്ടും മരിക്കുകയുമായിരുന്നു. ദുഃഖം സന്തോഷത്തിലേക്കും വീണ്ടും തീരാദുഃഖത്തിലേക്കും കടന്ന് പോയ അത്യപൂര്‍വ്വ നിമിഷം.
മെക്സിക്കയിൽ നിന്നുള്ള കാമില റൊക്‌സാന മാർട്ടിനെസ് മെൻഡോസ എന്ന മൂന്ന് വയസുകാരി പെൺകുട്ടിയാണ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്. പന്ത്രണ്ട് മണിക്കൂറിന് ശേഷം അവളുടെ ശവസംസ്കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ കുട്ടിയ്ക്ക് ജീവനുള്ളതായി സംശയം ഉയര്‍ന്നു. ഇതിനിടെ കുട്ടി കണ്ണ് തുറക്കുകയും ചെയ്തതോടെ കൂടി നിന്നവര്‍ സന്തോഷം പ്രകടപ്പിച്ചു. പക്ഷേ ആ സന്തോഷത്തിന് ഏതാനും നിമിഷത്തെ ആയുസ് മാത്രമായിരുന്നു ഉണ്ടായിരുനുള്ളു .
കുഞ്ഞിന്‍റെ ശവസംസ്കാര ചടങ്ങുകൾക്കിടയിൽ, മൃതദേഹം സൂക്ഷിച്ചിരുന്ന പെട്ടിയിൽ നിന്ന് ശ്വാസോച്ഛ്വാസത്തിലൂടെ ഉണ്ടാകുന്നത് പോലെ വായു കുമിളകൾ നിറഞ്ഞിരിക്കുന്നത് കണ്ടതോടെ കുട്ടിക്ക് ജീവനുണ്ടോ എന്ന സംശയം അമ്മ മേരി ജാനെ മെന്‍ഡോസയാണ് ആദ്യം ഉന്നയിച്ചത്. എന്നാല്‍ ആദ്യം ആരും ഇത് കാര്യമായി എടുത്തില്ല. മാത്രമല്ല. അതൊരു തോന്നല്‍ മാത്രമാണെന്ന് അവര്‍ പറഞ്ഞു. ഇതിനിടെ ശവപ്പെട്ടി തുറന്നപ്പോള്‍ കുട്ടിയുടെ കണ്ണുകള്‍ ചലിക്കുന്നുണ്ടെന്ന് കുട്ടിയുടെ മുത്തശ്ശി പറഞ്ഞു. കുട്ടിയ്ക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയ ഉടനെ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിച്ചു. പക്ഷേ, പരിശോധിച്ച ഡോക്ടര്‍മാര്‍ കുട്ടി മരിച്ചെന്ന് വീണ്ടും സ്ഥിരീകരിക്കുക ആയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


أحدث أقدم